Asianet News MalayalamAsianet News Malayalam

ദേശീയ പണിമുടക്ക് രണ്ടാം ദിവസം; ട്രെയിൻ തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കി; വേണാട് എക്സ്പ്രസ് വൈകിയോടുന്നു

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ രണ്ടാം ദിവസം രാവിലെ വേണാട് എക്സ്പ്രസ് പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് എത്തി നീക്കിയ ശേഷം 40 മിനിറ്റ് വൈകിയാണ് വേണാട് എക്സ്പ്രസ് പുറപ്പെട്ടത്. വാഹനങ്ങൾ തടയില്ലെന്നും കടകൾ അടപ്പിക്കില്ലെന്നും സംയുക്ത സമരസമിതി നേതാക്കൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പ്രാവർത്തികമായില്ല

national strike on second day venad express will be late
Author
Thiruvananthapuram, First Published Jan 9, 2019, 6:58 AM IST

തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകൾ ദേശീയ വ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ ദിനത്തിൽ തന്നെ സംസ്ഥാനത്ത് ഹർത്താലിന് തുല്യമായ അവസ്ഥയിലായിരുന്നു. പൊതു​ഗതാ​ഗത സംവിധാനങ്ങൾ ഇല്ലാതായതോടെ ജനജീവിതത്തെ പണിമുടക്ക് പ്രതികൂലമായി തന്നെ ബാധിച്ചു.

പണിമുടക്കിയ തൊഴിലാളികൾ തീവണ്ടികളും സ്വകാര്യവാഹനങ്ങളും തടഞ്ഞാണ് പ്രതിഷേധമറിയിച്ചത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ രണ്ടാം ദിവസം രാവിലെ വേണാട് എക്സ്പ്രസ് പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ്  എത്തി നീക്കിയ ശേഷം 40 മിനിറ്റ് വൈകിയാണ് വേണാട് എക്സ്പ്രസ് പുറപ്പെട്ടത്. വാഹനങ്ങൾ തടയില്ലെന്നും കടകൾ അടപ്പിക്കില്ലെന്നും സംയുക്ത സമരസമിതി നേതാക്കൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പ്രാവർത്തികമായില്ല. 

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് പണിമുടക്കുന്ന തൊഴിലാളികൾ ഇന്ന് പാര്‍ലമെന്‍റിലേക്ക് മാർച്ച് ചെയ്യും. രാവിലെ പതിനൊന്നിന് ദില്ലി മണ്ഡി ഹൗസില്‍ നിന്നും പാര്‍ലമെന്‍റ് സ്ട്രീറ്റിലേക്കാണ് മാര്‍ച്ച്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കുന്നത്. ഇന്നലെ തുടങ്ങിയ 48 മണിക്കൂര്‍ പണിമുടക്ക് ബംഗാള്‍, ഒഡീഷ, അസ്സം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പൂര്‍ണമായിരുന്നു. ഉത്തരേന്ത്യയില്‍ പലയിടത്തും റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. വ്യാവസായിക, കാര്‍ഷിക മേഖലകളെ പണിമുടക്ക് ബാധിച്ചു.

പണിമുടക്കിലെ അക്രമസംഭവങ്ങളിൽ സംസ്ഥാനത്ത് ഇരുന്നൂറിലധികം പേർക്കെതിരെ ഇതുവരെ കേസെടുത്തിട്ടുണ്ട്. ട്രെയിൻ തടഞ്ഞതിനും ബലമായി കടകൾ അടപ്പിച്ചതിനുമായാണ് കേസ്. സെക്രട്ടറിയേറ്റിന് മുന്നിൽ ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് നിർമ്മിച്ചതിന് പൊലീസ് കേസെടുത്തു. പൊതുപണിമുടക്കിന്റെ ആദ്യ ദിവസം കടകൾ ബലമായി അടപ്പിക്കാൻ പ്രതിഷേധക്കാർ എത്തിയതിനെ തുടർന്ന് ഏറെ നേരം സംഘർഷമുണ്ടായത് മഞ്ചേരിയിലാണ്. ഇവിടെ 50 പേർക്കെതിരെയാണ് കേസെടുത്തത്.

ആലപ്പുഴയിൽ ട്രെയിൻ തടഞ്ഞതിന് 100 പേർക്കെതിരെ കേസെടുത്തു. തിരുവനന്തപുരത്ത് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അടക്കമുള്ളവർക്കെതിരെ പ്രതികളാക്കിയാണ് ട്രെയിൻ തടഞ്ഞതിന് കേസ്. തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ തടഞ്ഞതിന് 20 പേർക്കെതിരെ കേസെടുത്തായി റെയിൽവേ സംരക്ഷണ സേന അറിയിച്ചു. പാലക്കാട് ട്രെയിൻ തടഞ്ഞതിൽ 15 പേർക്കെതിരെയാണ് കേസ്. വടക്കൻ ജില്ലകളിലാകെ വിവിധ സംഭവങ്ങളിൽ 92 പേർക്കെതിരെ കേസെടുത്തു. 

സെക്രട്ടറിയേറ്റിന് മുന്നിൽ എംജി റോഡിൽ വഴി തടഞ്ഞ് യൂണിയനുകൾ വേദി ഒരുക്കിയതിന്റെ പേരിൽ സംയുക്ത സമര സമിതിക്കെതിരെ കന്റോൺമെൻ‌റ് പൊലീസ് കേസെടുത്തു. 48 മണിക്കൂറും ഇവിടെ യൂണിയൻ പ്രവർത്തകരുണ്ടാകും. പണിമുടക്ക് ഹർത്താലാക്കാൻ അനുവദിക്കില്ലെന്നും കർശന നടപടി എടുക്കണമെന്നും ഡിജിപി പൊലീസുകാരോട് നിർദ്ദേശിച്ചിരുന്നു. മാത്രമല്ല ചട്ടലംഘനം ഉണ്ടാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെയും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

Follow Us:
Download App:
  • android
  • ios