മലപ്പുറത്തും കോഴിക്കോട്ടും ഉരുള്‍പൊട്ടല്‍

കോഴിക്കോട്: താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു മരണം. മലപ്പുറം കോഴിക്കോട് ജില്ലകളില്‍ വിവിധയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപകനാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറത്തെ എടവണ്ണയിലും, കോഴിക്കോട് കക്കയം, മങ്കയം, ഉങ്ങാപ്പാറ, കട്ടിപ്പാറ പുല്ലൂര്‍പ്പാറ ജെയ്സണ്‍ റോഡ് എന്നിവിടങ്ങളിലുമാണ് ഉരുള്‍പൊട്ടിയത്. താമരശേരി കരിഞ്ചോല അബ്ദുൽ സലീമിന്റെ മകൾ ദിൽനയാണ് മരിച്ചത്.

ദേശീയ ദുരന്തനിവാരണ സേന കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. കോഴിക്കോട് വയനാട് ദേശീയപാതയിൽ പുനൂർ പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ഇനിയൊരറിപ്പുണ്ടാകുന്നതുവരെ നിർത്തിവെയ്ക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ യു വി ജോസ് അറിയിച്ചു