കേരളം, തമിഴ്നാട് മേഖലയിൽ ലഹരി കേസുകൾ മുൻ വർഷത്തെക്കാൾ 300 ശതമാനം കൂടി

ദില്ലി: രാജ്യത്തെ ലഹരിക്കടത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾക്ക് വ്യക്തമായ പങ്കുണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. കേരളം, തമിഴ്നാട് മേഖലയിൽ ലഹരി കേസുകൾ മുൻ വർഷത്തെക്കാൾ 300 ശതമാനം കൂടിയെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സൗത്ത് സോൺ ഡയറക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അഫ്ഗാനിസ്ഥാൻ, ഇറാൻ, പാക്കിസ്ഥാൻ അതിർത്തി ഉൾപ്പെട്ട ഗോൾഡൻ ക്രസ്റ്റന്‍റ് എന്നറിയപ്പെടുന്ന മേഖലയിൽ നിന്നും കഴിഞ്ഞ വർഷം ഉല്പാദിപ്പിച്ചത് 700 ടൺ ഹെറോയിനെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. കടൽമാർഗ്ഗവും അല്ലാതെയും ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങളിലേക്ക് മാഫിയ വില്പനക്ക് ഈ ലഹരി വസ്തു വിൽപ്പനക്ക് എത്തിക്കുന്നുണ്ട്.

ഉത്തരേന്ത്യയിലെ നക്സൽ നിയന്ത്രിത മേഖലയിൽ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തുന്നത്. ലഹരിക്കടത്താണ് ഇപ്പോൾ തീവ്രവാദ സംഘടനകളുടെ പണത്തിന്‍റെ ഉറവിടം. ചെന്നൈയിലും കേരളത്തിലുമായി കഴിഞ്ഞ വർഷം പിടികൂടിയത് 21 കിലോ കൊക്കൈനും 1500 കിലോ കഞ്ചാവുമാണ്. കെറ്റാമിൻ, ഹാഷിഷ്, എൽഎസ്ഡി തുടങ്ങി ലഹരി വസ്തുക്കള്‍ കടത്തിയതിന് 32 കേസുകള്‍. പിടിയിലായ 39 പേരിൽ എട്ടു പേ‍ര്‍ വിദേശികളാണ്.