മറ്റു ലോട്ടറികളില്‍ നിന്ന് വ്യത്യസ്തമായി രണ്ട് സമ്മാനങ്ങള്‍ മാത്രമാണ് നവകേരള ലോട്ടറിയിലുളളത്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്ക്. രണ്ടാം സമ്മാനം അയ്യായിരം രൂപ വീതം ഒരു ലക്ഷത്തി എണ്ണൂറ് പേര്‍ക്ക്. 

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായുളള നവകേരള ലോട്ടറി നാളെ മുതല്‍. 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുളളത്. ഏജന്‍റുമാര്‍ക്ക് പുറമെ സര്‍ക്കാര്‍ ജീവനക്കാരും സര്‍വീസ് സംഘടനകളും ടിക്കറ്റ് വില്‍പ്പനയ്ക്കായി രംഗത്തിറങ്ങും. പുതിയൊരു കേരളത്തിനായി ഒത്തൊരുമിക്കാമെന്ന സന്ദേശവുമായാണ് സംസ്ഥാന ലോട്ടറി വകുപ്പ് നവകേരള ലോട്ടറി പുറത്തിറക്കുന്നത്.

മറ്റു ലോട്ടറികളില്‍ നിന്ന് വ്യത്യസ്തമായി രണ്ട് സമ്മാനങ്ങള്‍ മാത്രമാണ് നവകേരള ലോട്ടറിയിലുളളത്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്ക്. രണ്ടാം സമ്മാനം അയ്യായിരം രൂപ വീതം ഒരു ലക്ഷത്തി എണ്ണൂറ് പേര്‍ക്ക്. മാത്രമല്ല ടിക്കറ്റ് വില്‍ക്കാന്‍ ലോട്ടറി ഏജന്‍റുമാര്‍ക്കൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സര്‍വീസ് സംഘടനകളും രംഗത്തുണ്ടാകും. വിദേശ മലയാളികള്‍ക്ക് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങാനും സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ടിക്കറ്റ് വില്‍പന വഴി 90 കോടി രൂപ സമാഹരിക്കാമെന്നാണ് ലോട്ടറി വകുപ്പിന്‍റെ പ്രതിക്ഷ. വിവിധ ജില്ലകളില്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങളുടെ ചുമതലയുളള മന്ത്രിമാര്‍ ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്യും. 250 രൂപയാണ് ടിക്കറ്റ് വില. ഒക്ടോബര്‍ മൂന്നിനാണ് നറുക്കെടുപ്പ്.