ലണ്ടനിലെ അവൻഫീൽഡ് ഹൗസിൽ നാല് ആഡംബര ഫ്ലാറ്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ടതാണ് കേസ്

പാകിസ്ഥാൻ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അവൻഫീൽ ഫ്ലാറ്റ് അഴിമതിക്കേസിൽ പത്ത് വർഷം തടവിന് ശിക്ഷിച്ചു. കൂട്ടുപ്രതിയായ മകൾ മറിയത്തിന് ഏഴ് വർഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ലണ്ടനിലെ അവൻഫീൽഡ് ഹൗസിൽ നാല് ആഡംബര ഫ്ലാറ്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ടതാണ് കേസ്. 72 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. മറിയത്തിന് 20 കോടി രൂപയും. കൂടാതെ നാല് അഴിമതിക്കേസുകൾ കൂടി നവാസ് ഷെരീഫിന്റെ മേലുണ്ട്. മൂന്ന് തവണ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ സുപ്രീം കോർട്ട് അയോ​ഗ്യനാക്കി പുറത്താക്കുകയായിരുന്നു. 

നവാസ് ഷെരീഫും മകളും ഇപ്പോൾ ലണ്ടനിലാണുള്ളത്. കഴിഞ്ഞ വർഷമാണ് നവാസ്ഷെരീഫിന്റെ ഭാര്യ കൂൽസൂമിന് തൊണ്ടയിൽ കാൻസർ കണ്ടെത്തിയത്. ചികിത്സാർത്ഥമാണ് കുൽസും ലണ്ടനിലാണുള്ളത്. ഭാര്യയുടെ ആരോ​ഗ്യ സ്ഥിതി മോശമാണെന്നും അതിനാൽ എത്താൻ കഴിയില്ലെന്നും അഭിഭാഷകൻ വഴി അറിയിച്ചങ്കിലും വിധി പ്രസ്താവിക്കുകയായിരുന്നു. പനാമ പേപ്പർ ചോർച്ചയിലൂടെയാണ് ലണ്ടനിൽ നവാസ് ഷരീഫിനും മക്കൾക്കുമുള്ള അനധികൃത സ്വത്തിനെക്കുറിച്ചുള്ള വിവരം പുറത്തറിയുന്നത്.