തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ ചെയ്തികൾക്ക് രാജ്യങ്ങൾ ഉത്തരവാദികളെല്ലെന്നും ഭീകരതയ്ക്ക് ദേശാതിർത്തികൾ ഇല്ലെന്നുമായിരുന്നു സിദ്ദുവിന്‍റെ പരാമർശം

മുംബൈ:പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള പരാമർശത്തെ തുടർന്ന് കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിംഗ് സിദ്ദുവിന് മുംബെെ ഫിലിം സിറ്റിയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. മുംബെെ ഫിലിം സിറ്റിയുടെ ഭാഗങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സിദ്ദുവിനെ വിലക്കണമെന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് ഫിലിം സിറ്റി എംഡിക്ക് കത്ത് നല്‍കിയിരുന്നു.

നേരത്തെ, പാകിസ്ഥാന്‍ അഭിനേതാക്കളെ ഇന്ത്യന്‍ സിനിമയില്‍ അഭിനയിപ്പിക്കുന്നതും ഫെഡറേഷന്‍ വിലക്കിയിരുന്നു. തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ ചെയ്തികൾക്ക് രാജ്യങ്ങൾ ഉത്തരവാദികളെല്ലെന്നും ഭീകരതയ്ക്ക് ദേശാതിർത്തികൾ ഇല്ലെന്നുമായിരുന്നു സിദ്ദുവിന്‍റെ പരാമർശം.

എല്ലാ ദേശങ്ങളിലും നല്ലവരും മോശക്കാരും ചീത്ത മനുഷ്യരുമുണ്ട്. ചീത്ത മനുഷ്യർ ശിക്ഷിക്കപ്പെടണം. അതിന് എല്ലാ പൗരൻമാരെയും കുറ്റപ്പെടുത്തരുതെന്നും സിദ്ദു പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് സമൂഹ്യമാധ്യമങ്ങളിൽ സിദ്ദുവിനെതിരെ വലിയ പ്രചാരണമാണ് നടന്നത്. തുടര്‍ന്ന് പ്രശസ്ത സ്റ്റാൻഡ് അപ് കോമഡി ഷോ ആയ കപിൽ ശർമ ഷോയിൽ നിന്ന് പുറത്താക്കിയിരുന്നു.