1988 ഡിസംബര്‍ 27 നായിരുന്നു സംഭവം. അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്നു സിദ്ദു. പാട്യാലയലിലെ റോഡ് വക്കില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സിദ്ധു ഗുര്‍ണാം സിംഗിനെ(65)സിദ്ദു മര്‍ദ്ദിച്ചുവെന്നും ആശുപത്രിയിലായ ഇയാള്‍ മരിച്ചുവെന്നുമാണ് കേസ്.

ദില്ലി: കൊലപാതകക്കേസില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് ടൂറിസം മന്ത്രിയുമായ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ സുപ്രിംകോടതി കുറ്റവിമുക്തനാക്കി. 30 വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദുവിനെ(55) ജസ്റ്റീസ് ജെ ചെലമേശ്വറിന്റെയും എസ്‌കെ കൗളിന്റെയും സുപ്രീംകോടതി ബെഞ്ച് സിദ്ദുവിനെ കുറ്റവിമുക്തനാക്കിയത്. പൊതുനിരത്തില്‍ ആളെ മര്‍ദ്ദിച്ചുവെന്ന കേസില്‍ സിദ്ദുവിന് കോടതി 1000 രൂപ പിഴ വിധിച്ചിട്ടുണ്ട്.

1988 ഡിസംബര്‍ 27 നായിരുന്നു സംഭവം. അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്നു സിദ്ദു. പാട്യാലയലിലെ റോഡ് വക്കില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സിദ്ധു ഗുര്‍ണാം സിംഗിനെ(65)സിദ്ദു മര്‍ദ്ദിച്ചുവെന്നും ആശുപത്രിയിലായ ഇയാള്‍ മരിച്ചുവെന്നുമാണ് കേസ്. കേസില്‍ വിചാരണക്കോടതി 1999 സെപ്റ്റംബറില്‍ സിദ്ദുവിനെ വിട്ടയച്ചിരുന്നു. എന്നാല്‍ 2006 ഡിസംബറില്‍ സിദ്ദുവിനെയും കൂട്ടുപ്രതി രൂപിന്ദര്‍ സിംഗിനെയും മനഃപൂര്‍വമല്ലാത്ത നരഹത്യയ്‌ക്കു മൂന്നുവര്‍ഷം തടവിനു ചണ്ഡീഗഡ് ഹൈക്കോടതി വിധിച്ചു.

ബിജെപി എംപിയായിരുന്ന സിദ്ദുവിന് ഹൈക്കോടതി വിധി വന്നതിനെ തുടര്‍ന്ന് എംപി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് വിധിക്കെതിരേ സിദ്ദു, സുപ്രിംകോടതിയെ സമീപിച്ചു. സുപ്രികോടതി സിദ്ദുവിന്റെ ശിക്ഷ റദ്ദു ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സിദ്ദുവിന് അമൃത്സര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിക്കാന്‍ കഴിഞ്ഞു.

ഇതിനിടെ ബിജെപി പാളയം വിട്ട് കോണ്‍ഗ്രസിലെത്തിയ സിദ്ദു, പഞ്ചാബിലെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ ടൂറിസം മന്ത്രിയുമായി. കഴിഞ്ഞമാസമാണ് സിദ്ദു, ചണ്ഡീഗഡ് ഹൈക്കോടതി വിധി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. കഴിഞ്ഞ മാസം സുപ്രീംകോടതിയില്‍ വാദത്തിനിടെ സ്വന്തം മന്ത്രിസഭാംഗത്തിന്റെ കുറ്റം ശരിവച്ച് അമരീന്ദര്‍ സിംഗ് സര്‍ക്കാര്‍ രംഗത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു. കേസില്‍ വാദം കേള്‍ക്കെ, സിദ്ദുവിനെതിരായ ശിക്ഷയെ സര്‍ക്കാര്‍ അഭിഭാഷകര്‍ അനുകൂലിക്കുകയായിരുന്നു. തെളിവുകളനുസരിച്ച് ഗുര്‍ണാംസിങ് മരിച്ചതു ഹൃദയാഘാതം മൂലമല്ലെന്നും തല്ലിനെത്തുടര്‍ന്നുള്ള മസ്തിഷ്ക രക്തസ്രാവം മൂലമാണെന്നും പഞ്ചാബ് സര്‍ക്കാരിനു വേണ്ടി ഹാജരായ സന്‍റാം സിങ് സാരോണ്‍ കോടതിയില്‍ വാദിച്ചിരുന്നു.