നവരാത്രി ആഘോഷവേളയില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ബൊമ്മക്കൊലു ഒരുക്കിയുള്ള പ്രാര്‍ത്ഥനകള്‍. ബൊമ്മക്കൊലു പൂജയിലൂടെ വിദ്യാവിജയവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബൊമ്മക്കൊലു പൂജകള്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ ബ്രാഹ്മണസമൂഹമഠങ്ങള്‍ കേന്ദ്രീകരിച്ചാണ് ബൊമ്മക്കൊലു ഒരുക്കല്‍. ബൊമ്മ എന്നാല്‍ പാവ എന്നും കൊലു എന്നാല്‍ പടികള്‍ എന്നുമാണര്‍ത്ഥം. 3,5,7,9 എന്നിങ്ങനെ ഒറ്റയക്കത്തിലായിരിക്കും പടികളുടെ എണ്ണം.

ദേവീദേവന്‍മാരുടെ കളിമണ്ണില്‍ തീര്‍ത്ത മനോഹരരൂപങ്ങള്‍ ഈ പടികളില്‍ വച്ച് ബോമ്മക്കൊലു ഒരുക്കും. സരസ്വതീ ദേവി, ദശാവതരാങ്ങള്‍, ശ്രീരാമപട്ടാഭിഷേകം, കൃഷ്ണനും രാധയും എല്ലാമുണ്ട് ബൊമ്മകളായി. ഒപ്പം നിത്യജീവിതവുമായി ബന്ധമുളള്ള മറ്റ് രൂപങ്ങളും വയ്ക്കാം.പുതിയ കാലത്തിന്റെ പ്രതീകമായി ഛോട്ടാഭീം വരെ ഇടംപിടിച്ചുകഴിഞ്ഞു ബൊമ്മക്കൊലുവില്‍.

ആദ്യ മൂന്ന് ദിവസങ്ങളില്‍ ദുര്‍ഗക്കും തുടര്‍ന്നുള്ള മൂന്ന് ദിവസം ലക്ഷ്മിക്കും പിന്നീട് മൂന്ന് ദിവസം സരസ്വതിക്കുമാണ് പൂജ ചെയ്യുന്നത്. ബൊമ്മക്കൊലു കാണാനെത്തുന്നവര്‍ക്ക് പ്രസാദവും സമ്മാനങ്ങളും നല്‍കും. ബൊമ്മക്കൊലു പൂജയിലൂടെ ദേവീസാന്നിധ്യമുണ്ടാകുമെന്നും ഇത് ഐശ്വര്യം കൊണ്ടുവരുമെന്നുമാണ് വിശ്വാസം.