കണ്ണൂര്‍: നായനാര്‍ അക്കാദമിയുടെ നിര്‍മ്മാണം നാല് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ സിപിഎം. ജനുവരിയില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനം ഇവിടെ വെച്ചു നടത്താനാണ് സിപിഎം തീരുമാനം. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തെക്കുറിച്ച് പഠിക്കാനുള്ള ഗവേഷണ കേന്ദ്രമാണ് അക്കാമദിയിലൂടെ ലക്ഷ്യമിടുന്നതെന്ന് നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സിപിഎമ്മിന്റെ സമുന്നനേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാരുടെ പേരില്‍ കണ്ണൂര്‍ പയ്യാമ്പലത്താണ് അക്കാദമി ഒരുങ്ങുന്നത്. 2005ലാണ് ഇ.കെ നായനാരുടെ പേരിലുള്ള ട്രസ്റ്റ് പയ്യാമ്പലത്ത് പഴയ തിരുവേപ്പതി മില്ലിന്റെ 3.74 ഏക്കര്‍ സ്ഥലം അക്കാമദിക്കായി ലേലത്തിനെടുത്തത്. കന്റോണ്‍മെന്റ് ഏര്യയില്‍ കെട്ടിട നിമ്മാണത്തിന് നേരിട്ട തടസ്സങ്ങള്‍ പരിഹരിച്ചാണ് ഇപ്പോള്‍ നിര്‍മ്മാണപ്രവൃത്തികള്‍ വേഗത്തിലാക്കിയിരിക്കുന്നത്. അക്കാമദി നിര്‍മ്മാണത്തിനുള്ള ഫണ്ട് ശേഖരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. അമ്പതിതിനായിരം ചതുരശ്ര അടിയില്‍, മൂന്നു നിലകളുള്ള പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.
അക്കാദമി പൂര്‍ണ്ണതോതില്‍ സജ്ജമാകാന്‍ 12 കോടിയിലധികം രൂപ വരുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. ഡിസംബര്‍ മാസത്തോടെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ജനുവരിയില്‍ അക്കാദമിയുടെ ഉദ്ഘാടനം നടത്താനാണ് തിരക്കിട്ടുള്ള പ്രവര്‍ത്തനങ്ങള്‍. ജനുവരി മാസത്തില്‍ പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനവും പൂര്‍ത്തീകരിച്ച നായനാര്‍ അക്കാദമിയില്‍ വെച്ചാകും നടത്തുക.
