നാസറിന് ജീവിക്കണം, ഉമ്മയ്ക്കും സഹോദരിക്കും വേണ്ടി...  അപൂര്‍വ്വ രോഗം ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു

പാലക്കാട്: അപൂർവ്വ രോഗം ബാധിച്ച യുവാവിന് തുടർചികിത്സക്ക് പണം കണ്ടെത്താനുളള നെട്ടോട്ടത്തിലാണ് പാലക്കാട് ചെർപ്ലശ്ശേരിയിലെ ഒരുകൂട്ടം ചെറുപ്പക്കാർ. രക്ത കോശങ്ങൾ ഇല്ലാതാവുന്ന രോഗം പിടിപെട്ട അബ്ദുൾ നാസറിന് തുടർചികിത്സയ്ക്ക് ഉടൻ വേണ്ടത് 25ലക്ഷം രൂപയാണ്.

വിധി കീഴ്മേൽമറിച്ച മകന്റെ ജീവിതം തിരികെപിടിക്കാനുളള പെടാപ്പാടിലാണ് ഈ അമ്മ. അച്ഛന്റെ മരണത്തോടെ കുടുംബം പുലർത്താൻ ജോലി നോക്കി നാസർ വിദേശത്തേക്ക് പോയി. ഏഴുമാസം മുമ്പാണ് നാസറിന് രോഗലക്ഷണങ്ങൾ കണ്ടത്. രക്തകോശങ്ങൾ നശിക്കുന്ന അപ്ലാസ്റ്റിക് അനീമിയ ആണെന്ന് വിദഗ്ധ പരിശോധനയിൽ തെളിഞ്ഞു.

ഇതോടെ,ജോലി ഉപേക്ഷിച്ച് ചികിത്സയ്ക്കായി നാട്ടിലെത്തി.അനിയത്തിയുടെ പഠിത്തം, വീട്ടുചെലവ്, ഇതിനെല്ലാം വഴിതേടുന്ന നാസർ, ഭാരിച്ച ചികിത്സച്ചെലവ് എങ്ങിനെ കണ്ടെത്തുമെന്ന് അറിയാതെ ഉഴലുകയാണ്. നാട്ടുകാരും സന്നദ്ധപ്രവർത്തകരും പിരിച്ചുനൽകിയ തുച്ഛമായ തുകകൊണ്ട് മലബാ‍ർ ക്യാൻസർ സെന്ററിൽ ചികിത്സ തുടങ്ങി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന ഈ കൂട്ടുകാർക്കുമറിയില്ല, ചികിത്സാചെലവിനുളള വഴിയെന്തെന്ന്.