ഹിന്ദുക്കള്‍ക്കെതിരെയുള്ള അനീതികള്‍ക്കെതിരെ പോരാടുമെന്ന് പുറത്താക്കപ്പെട്ട എന്‍സി നേതാവ്

ജമ്മു: ഹിന്ദു ഏക്താ മഞ്ചിന്‍റെ ഭാഗമായി കത്വ കൂട്ട ബലാത്സംഗികളെ പിന്തുണച്ച 'ദ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ ഹിരാനഗര്‍ ബ്ലോക്ക് പ്രസിഡന്‍റിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ശാന്തി സ്വരൂപിനെയാണ് പുറത്താക്കിയത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാലും അതുതന്നെ ബാധിക്കില്ലെന്നും താനൊരു ഹിന്ദുവാണെന്നും പിന്നീട് മാത്രമാണ് ഏതു പാര്‍ട്ടിയുടെയും ഭാഗമാകുന്നതെന്നുമാണ് പുറത്താക്കലിനോട് സ്വരൂപിന്‍റെ പ്രതികരണം.

ഹിന്ദുക്കള്‍ക്കെതിരെയുള്ള അനീതിക്കെതിരെ പ്രതികരിക്കേണ്ടത് തന്‍റെ ഉത്തരവാദിത്തമാണെന്നും അതുകൊണ്ടാണ് താന്‍ ഹിന്ദു ഏക്ത മഞ്ചിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതെന്നും സ്വരൂപ് പറയുന്നു. ഹിന്ദു സമൂഹത്തിന്‍റെ കൂടെ നില്‍ക്കേണ്ടതുണ്ടെന്നും കാശ്മീരില്‍ നിന്നുള്ള പിഡിപി, എന്‍സി നേതാക്കള്‍ ഹിന്ദുക്കള്‍ക്ക് എതിരാണെന്നും ഹിന്ദുക്കള്‍ക്ക് മോശം പേര് നല്‍കുകയാണ് ഇവരെന്നും സ്വരൂപ് ആരോപിക്കുന്നു. ഇരക്ക് നീതി ലഭ്യമാക്കണമെങ്കിലും ഹിന്ദുക്കളെ ഒരു തരത്തിലും ഗവണ്‍മെന്‍റും പൊലീസും പീഡിപ്പിക്കരുതെന്ന് സ്വരൂപ് ആവശ്യപ്പെടുന്നു.