സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാന പൊലീസ് അസോസിയേഷൻ്റെ നിലവിലെ ഭരണസമിതിയെ പിരിച്ചുവിട്ടു. സംഘടനയുടെ പുനഃസംഘടനയ്ക്കും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമായി ഡിജിപി ഒരു അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇതോടെ നിലവിലുണ്ടായിരുന്ന കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതാവുകയും പകരം രണ്ട് പുതിയ സംഘടനകൾ രൂപീകരിക്കുകയും ചെയ്യും.
തിരുവനന്തപുരം: സംസ്‌ഥാന പൊലീസ് അസോസിയേഷൻ്റെ നിലവിലെ ഭരണസമിതി പിരിച്ചുവിട്ടു. സർക്കാർ ഉത്തരവുപ്രകാരമാണ് പിരിച്ചുവിട്ടത്. പൊലീസ് സംഘടനകളുടെ ഘടനാ മാറ്റ വരുത്തി സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഡിജിപിയുടെ നടപടി. പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലിസ് അസോസിയേഷൻ, സീനിയർ പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നിലവിലെ ഭരണ സമികളാണ് പിരിച്ചുവിട്ടത്. അഡ്ഹോക്ക് കമ്മിറ്റിയെ പുതിയ ഭരണസമിതിയായും അംഗത്വ പൂർത്തീകരണത്തിനുമായി ഡിജിപി ചുമതലപ്പെടുത്തി. പൊലീസ് അസോസിയേഷൻ മുൻ ജന. സെക്രട്ടറി ജി ആർ അജിത് ഉൾപ്പെടെ പുതിയ കമ്മിറ്റിയിൽ ഉൾപ്പെട്ടു. 17 പേരടങ്ങുന്ന താൽക്കാലിക ഭരണസമിതിയെ നിയോഗിച്ചു. സംസ്ഥാന പൊലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖറാണ് ഉത്തരവിറക്കിയത്. സെപ്തംബർ 30ന് മുമ്പ് പുതിയ ഭരണ സമിതികള്‍ വരണമെന്നാണ് സർക്കാർ ഉത്തരവ്. പൊലിസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.ആർ,അജിത് ഉള്‍പ്പെടെയാണ് താൽക്കാലിക ഭരണ സമിതിയിലുള്ളത്. മൂന്നു പൊലിസ് സംഘടനകള്‍ക്ക് പകരം രണ്ടു സംഘടനകള്‍ മാത്രമായിരിക്കും ഇനി ഉണ്ടാവുക. പൊലിസ് അസോസിയേഷനും, സീനിയർ പൊലിസ് ഓഫീസേഴ്സ് അസോസിയേഷനും മാത്രമാകും ഉണ്ടാകുക.
സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ വരെയുള്ള റാങ്കിലുള്ളവരെ ഉൾപ്പെടുത്തി കേരള പൊലീസ് അസോസിയേഷനും (KPA), സബ് ഇൻസ്‌പെക്ടർ മുതൽ സൂപ്രണ്ട് ഓഫ് പൊലീസ് (നോൺ-ഐ.പി.എസ്) വരെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനും (KPSOA) പുനഃസംഘടിപ്പിക്കും. ഈ സംഘടന ഭേദഗതിയോടെ നിലവിലുണ്ടായിരുന്ന കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ' (KPOA) ഇല്ലാതാകും.
KPOA-യുടെ കൈവശമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകൾ, ആസ്തികൾ, നിക്ഷേപങ്ങൾ, മറ്റ് അവകാശങ്ങൾ, ബാധ്യതകൾ എന്നിവ നിയമപരമായ നടപടികൾ പാലിച്ചുകൊണ്ട് 60 ശതമാനം കേരള പൊലീസ് അസോസിയേഷനിലേക്കും (KPA), 40 ശതമാനം കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലേക്കും (KPSOA) കൈമാറാനും ഉത്തരവിൽ വ്യക്തമാക്കുന്നു. സംഘടനകളുടെ പുനഃസംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 17 അംഗങ്ങൾ അടങ്ങുന്ന സംസ്ഥാന തല അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നിലവിലുള്ള ഭരണസമിതിയുടെ ചുമതലകളും രേഖകളും അഡ്ഹോക്ക് കമ്മിറ്റിക്ക് കൈമാറാൻ നിർദേശമുണ്ട്. അംഗത്വ പരിശോധനയും രജിസ്ട്രേഷനും പൂർത്തിയാക്കി വോട്ടർ പട്ടിക തയാറാക്കുകയും, യൂണിറ്റ്, ജില്ലാ, സംസ്ഥാന തല തിരഞ്ഞെടുപ്പുകൾ 2026 സെപ്റ്റംബർ 30-നകം പൂർത്തിയാക്കുകയും ചെയ്യേണ്ടത് അഡ്ഹോക്ക് കമ്മിറ്റിയുടെ ചുമതലയാണ്.
