കോഴിക്കോട്: എന്‍ സി സി കേഡറ്റ് ധനുഷ്‍ കൃഷ്ണൻ വെടിയേറ്റ് മരിച്ചിട്ട് ഒരുവർഷം തികയുന്നു. മരണത്തെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താതിനാല്‍ നീതി കിട്ടാതെ അലയുകയാണ് കുടുബം. ധനുഷ് സ്വന്തമായി നിറയൊഴിച്ച് മരിച്ചതാണെന്ന എന്‍സിസി അധികൃതരുടെ വാദം കുടംബത്തെ ഇപ്പോഴും വേട്ടയാടുന്നു. നീതി തേടി മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുക.യാണ് കുംടുംബാഗങ്ങള്‍.

2015 ആഗസ്റ്റ് 11 തീയതിയാണ് കോഴിക്കോട് വെസ്റ്റ് ഹില്‍സിലെ എന്‍ സി സി ക്യാമ്പില്‍ വച്ച്‌ പട്ടാഴി വടക്കേക്കര സ്വദേശി ധനുഷ്കൃഷ്ണന്‍ വെടിയേറ്റ് മരിക്കുന്നത്. പത്ത് ദിവസത്തെ എന്‍ സി സി ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഉച്ചയ്ക്ക് 1. 45നാണ് വെടിയേല്‍ക്കുന്നത്. വൈകിട്ട് നാല് മണിയോടെയാണ് വീട്ടുകാരെ വിവരം അറിയിക്കുന്നത്. ധനുഷ് സ്വന്തമായി നിറയൊഴിച്ച് മരിച്ചെന്നായിരുന്നു അധികൃതരുടെ വാദം. എന്നാൽ അത്മഹത്യ ചെയ്യേണ്ട ഒരു കാര്യവും മകനില്ലെന്ന് അമ്മ രമാദേവി പറയുന്നു.

അന്വേഷണത്തിന് ഇനിയും കാലതാമസം ഉണ്ടാകുമെന്നാണ് എന്‍ സി സി ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഫോറസിക് പരിശോധന ഫലം പോലും ബന്ധുക്കള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറല്ല. മോശമായിട്ടാണ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നതെന്നും രമാദേവി പറയുന്നു. അന്വേഷണം ഇഴയുന്നതിൽ ധനുഷിന്റെ കൂട്ടുകാർക്കും പരാതിയുണ്ട്. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടാൻ തയ്യാറെടുക്കുകയാണ് കുടുംബം.