തിരുവനന്തപുരം: ഫോണ്‍വിളി കേസില്‍ മന്ത്രിസ്ഥാനം രാജിവച്ച എന്‍സിപി എംഎല്‍എ എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന് എന്‍സിപി. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രനേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രിയോടും എല്‍ഡിഎഫിനോടും ആവശ്യപ്പെടും. കേന്ദ്രനേതൃത്വം നേരത്തെ തന്നെ ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചതാണ്.
മറ്റു തടസങ്ങളൊന്നുമില്ല. എത്രയും വേഗം ശശീന്ദ്രന്‍ മന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ഫോണ്‍വിളി കേസില്‍ ജസ്റ്റിസ് പിഎസ് ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളില്ലാത്ത സാഹചര്യത്തിലാണ് ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാന്‍ എന്‍സിപി ഒരുങ്ങുന്നത്.
