കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ക്കെതിരെ പ്രതികരിച്ച നേതാക്കള്‍ക്കെതിരെ നടപടിയുമായി എന്‍.സി.പി. ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ച എന്‍.വൈ.സി സംസ്ഥാന പ്രസിഡന്‍റ് അഡ്വ. മുജീബ് റഹ്മാനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പിന്തുണ മന്ത്രിക്കാണെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ കോഴിക്കോട് പറഞ്ഞു.

കായല്‍ കയ്യേറ്റം നടത്തിയ മന്ത്രിക്കൊപ്പമാണ് പാര്‍ട്ടിയെന്ന് വ്യക്തമാക്കിയാണ് മന്ത്രിയെ വിമര്‍ശിച്ചവര്‍ക്കെതിരെ നടപടി എടുക്കുന്നതായി ടി.പി പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചത്. ദേശീയ കമ്മിറ്റി അംഗവും എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റുമായ അഡ്വ. മുജീബ് റഹ്മാന്‍, പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചതിനാലാണ് പുറത്താക്കുന്നതെന്നാണ് വിശദീകരണം. മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് വ്യക്തമാക്കിയ പീതാംബരന്‍ മാസ്റ്റര്‍, എ.കെ ശശീന്ദ്രന്റേതും തോമസ് ചാണ്ടിയുടെതും രണ്ട് വ്യത്യസ്ത വിഷയങ്ങളാണെന്നും പറഞ്ഞു. പരസ്യ നിലപാടെടുത്ത മറ്റ് ജില്ലാ കമ്മിറ്റികളോട് വിശദീകരണം തേടും. എന്നാല്‍ അഴിമതിക്കാര്‍ക്ക് ഒപ്പമാണ് പാര്‍ട്ടിയെന്ന് തെളിയിക്കുന്നതാണ് പുറത്താക്കിയ നടപടിയെന്ന് അഡ്വ. മുജീബ് റഹ്മമാന്‍ പ്രതികരിച്ചു. നേതാക്കള്‍ക്കെതിരെയുള്ള അച്ചടക്ക നടപടിയോടെ എന്‍.പി.പിയില്‍ പിളര്‍പ്പിന് സാധ്യതയേറി. വിമതര്‍ എ.കെ ശശീന്ദ്രന്റെ പിന്തുണ തേടിയിട്ടുണ്ട്.