തിരുവനന്തപുരം: എ കെ ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്ന കാര്യത്തില്‍ തീരുമാനം വൈകും. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം തീരുമാനമെന്ന് എന്‍ സി പി കേന്ദ്രനേതൃത്വം അറിയിച്ചു. തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ഇന്ന് ചേര്‍ന്ന എന്‍ സി പി സംസ്ഥാന സമിതി യോഗം തീരുമാനിച്ചിരുന്നു.

എ കെ ശശീന്ദ്രന് പകരം കുട്ടനാട് എം എല്‍ എ തോമസ് ചാണ്ടിയെ മന്ത്രിയാക്കണോ അതോ ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മന്ത്രി സ്ഥാനം ഒഴിച്ചിടണമോ എന്നതാണ് എന്‍ സി പി കേന്ദ്രനേതൃത്വം ആലോചിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള പ്രഫുല്‍ പട്ടേല്‍ എത്തിയാല്‍ വെള്ളിയാഴ്ച്ചയോ തിങ്കളാഴ്ച്ചയോ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് എന്‍ സി പി ദേശീയ ആധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു.

ഇന്ന് ചേര്‍ന്ന എന്‍ സി പിയുടെ സംസ്ഥാന സമിതി യോഗം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് തീരുമാനമെടുത്തിരുന്നെങ്കിലും ദേശീയ നേതൃത്വത്തിന്റെ അനുമതിക്ക് ശേഷമേ ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കൂ എന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം മന്ത്രിസ്ഥാനത്തിന് തോമസ് ചാണ്ടി അവകാശവാദമുന്നയിച്ച് കഴിഞ്ഞു.

എന്‍ സി പിയുടെ മന്ത്രിസ്ഥാനം ആര്‍ക്ക് കൊടുക്കണമെന്ന കാര്യത്തില്‍ എല്‍ ഡി എഫ് തീരുമാനമെടുക്കുമെന്ന നിലപാട് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവര്‍ത്തിച്ചു.

തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ സി പി എമ്മിന്റെ കേന്ദ്ര നേതൃത്വത്തിനുള്ള എതിര്‍പ്പ് തുടരുകയാണ്. സത്യം പുറത്തുവരുന്നത് വരെ കാത്തുനില്‍ക്കാമെന്ന നിലപാടാണ് എന്‍ സി പി ദേശീയ നേതൃത്വത്തിനും ഉള്ളത്. എന്‍ സി പി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനനുസരിച്ചായിരിക്കും ഇടതുമുന്നണിയും തുടര്‍ നടപടി സ്വീകരിക്കുക.