ബിജെപിയില്‍ മതേതര നേതാക്കളില്ലേ...? സുശീല്‍ കുമാര്‍ മോദി, രാം കൃപാല്‍ യാദവ് തുടങ്ങിയ പൊതുസ്വീകാര്യരായ നേതാക്കളുടെ ശബ്ദം മറ്റു ചിലരുടെ അലര്‍ച്ച മൂലം നിശബ്ദമാക്കപ്പെടുകയാണ്

ദില്ലി: യുപി ഉപതിരഞ്ഞെടുപ്പിനെ പിന്നാലെ ദേശീയരാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങള്‍ പുതിയ ദിശയിലേക്ക്. ഉപതിരഞ്ഞെടുപ്പ് ഫലം എന്‍ഡിഎ വിലയിരുത്തണമെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഒപ്പം നിര്‍ത്തിയുള്ള മുന്നേറ്റം ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രിയും എന്‍ഡിഎ ഘടകക്ഷിയായ ലോക്ജനശക്തിയുടെ നേതാവുമായ രാം വില്വാസ് പാസ്വാന്‍ അഭിപ്രായപ്പെട്ടു. ബീഹാറിലെ ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ബിജെപിയുടെ ചുമലില്‍ ചാരി കൊണ്ട് ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറും രംഗത്തു വന്നിട്ടുണ്ട്. 

എല്ലാവരുടേയും വികസനം എന്ന മുദ്രാവാക്യവുമായാണ് എന്‍ഡിഎ അധികാരത്തിലെത്തിയതെങ്കിലും കഴിഞ്ഞ നാല് വര്‍ഷത്തില്‍ അത് എത്രത്തോളം യഥാര്‍ത്ഥ്യമായെന്ന കാര്യത്തില്‍ സര്‍ക്കാരും മുന്നണിയും ആത്മപരിശോധന നടത്തണമെന്നായിരുന്നു രാം വില്വാസ് പാസ്വാന്റെ വാക്കുകള്‍. ബീഹാറില്‍ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ നേതാക്കളേയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 

ബിജെപിയില്‍ മതേതര നേതാക്കളില്ലേ...? സുശീല്‍ കുമാര്‍ മോദി, രാം കൃപാല്‍ യാദവ് തുടങ്ങിയ പൊതുസ്വീകാര്യരായ നേതാക്കളുടെ ശബ്ദം മറ്റു ചിലരുടെ അലര്‍ച്ച മൂലം നിശബ്ദമാക്കപ്പെടുകയാണ്. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനകള്‍ നടത്തിയ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, ബിജെപി ബീഹാര്‍ അധ്യക്ഷന്‍ നിത്യാനന്ദ് റായി എന്നിവരെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് പാസ്വാന്‍ പറയുന്നു. ബിജെപി നേതാക്കള്‍ നിലവിലെ സ്ഥിഗതികള്‍ വിശദമായി അവലോകനം ചെയ്യണം വെറുപ്പുളവാക്കുന്ന പ്രസ്താവനകള്‍ നിര്‍ത്തി എല്ലാവരേയും ഒന്നിപ്പിച്ചു കൊണ്ടു പോകാന്‍ നോക്കണം. ദളിത്-മുസ്ലീം വിഭാഗങ്ങളോടുള്ള സമീപനം പാര്‍ട്ടി മാറ്റണമെന്നും രാംവില്വാസ് പാസ്വന്‍ പറയുന്നു. 

അതേസമയം സിറ്റിംഗ് എംപിമാരുടെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നായിരുന്നു തങ്ങളുടെ നിലപാടെന്നും ബിജെപിയുടെ ആവശ്യത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് ആദ്യമേ അറിയാമായിരുന്നു. എന്നിട്ടും ഞങ്ങള്‍ മത്സരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ബീഹാറിലെ ജഹന്‍ബാദില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 35000 വോട്ടുകള്‍ക്കാണ് ജെഡിയു സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. 

പാറ്റ്‌നയില്‍ വച്ചു മാധ്യമപ്രവര്‍ത്തകരെ കണ്ട നിതീഷ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടിയെക്കുറിച്ച് പ്രതികരിച്ചില്ലെങ്കിലും ബീഹാറിലെ മുസ്ലീം-ദളിത് വിഭാഗങ്ങള്‍ക്കൊപ്പമാണ് താനെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി. ന്യൂനപക്ഷങ്ങള്‍ക്കും ദളിതരടക്കമുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്കും വേണ്ടി തന്റെ സര്‍ക്കാര്‍ ചെയ്ത പദ്ധതികളെക്കുറിച്ചും നിതീഷ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വാചാലനായി. 

അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ എന്‍ഡിഎ കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാര്‍ലമെന്റെ് പരിഗണിക്കാനിരിക്കേ തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് നേതാവുമായ കെ.ചന്ദ്രശേഖരറാവു കൊല്‍ക്കത്തയിലെത്തി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തി. എന്‍ഡിഎ-യുപിഎ കക്ഷികള്‍ക്ക് ബദലായി മൂന്നാം മുന്നണി കൊണ്ടു വരാനുള്ള സാധ്യതകള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.