യുപിഎ സര്‍ക്കാരിന്റെ കാലത്ത് റാഫേല്‍ വിമാനങ്ങള്‍ക്കായി നടത്തിയ വിലപേശലിലേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് വിമാനം സ്വന്തമാക്കിയത്

ദില്ലി: റഫാല്‍ പോര്‍ വിമാന ഇടപാടില്‍ ഓരോ വിമാനത്തിലും 59 കോടി രൂപ ലാഭിച്ചതിന്റെ രേഖകള്‍ പുറത്ത് വിട്ട് മോദി സര്‍ക്കാര്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് റാഫേല്‍ വിമാനങ്ങള്‍ക്കായി നടത്തിയ വിലപേശലിലേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് വിമാനം സ്വന്തമാക്കിയതെന്നാണ് പ്രതിരോധ മന്ത്രാലയവും വ്യോമസേനയും പുറത്ത് വിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നത്. വിമാനത്തില്‍ ഇപയോഗിക്കുന്ന ആയുധങ്ങള്‍, പരിപാലനം, അറ്റകുറ്റപ്പണികള്‍, സ്റ്റിമുലേറ്ററുകള്‍ എന്നിവയെല്ലാം കണക്കാക്കുമ്പോള്‍ മോദി സര്‍ക്കാരിന്റെ കാലത്ത് ഒരു വിമാനത്തിന്റെ ചിലവ് 1646 കോടി രൂപയാണ്. ഇതേ വിമാനത്തിന് യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന വിലപേശലിന്റെ അടിസ്ഥാനത്തില്‍ ചിലവ് വരിക 1705 കോടി രൂപയാണെന്നും പുറത്ത് വന്ന കണക്കുകള്‍ വിശദമാക്കുന്നു. 

36 റഫാൽ പോർ വിമാനങ്ങൾക്കായി മോദി സർക്കാർ മുടക്കിയത് കേവലം 59262 കോടി രൂപയായിരുന്നു. എന്നാൽ യുപിഎ കാലത്തെ 126 വിമാനങ്ങൾക്ക് 1,72,185 കോടി രൂപ ചിലവ് വരുമായിരുന്നുവെന്ന് രേഖകൾ വിശദമാക്കുന്നു. യുപിഎ സര്‍ക്കാര്‍ വാങ്ങാന്‍ പദ്ധതിയിട്ടിരുന്ന വിമാനങ്ങളേക്കാള്‍ സാങ്കേതിക മികവിലും മുന്നിലാണ് മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വാങ്ങിയതെന്നാണ് രേഖകള്‍ വിശദമാക്കുന്നത്. ഇന്ത്യ ആവശ്യപ്പെട്ട പ്രത്യേകതകൾക്കായി 9,855 കോടി രൂപ അധികമായി വിനിയോഗിച്ചിട്ടും യുപിഎ കാലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വിമാനത്തിനു മാത്രം 59 കോടി രൂപയുടെ ലാഭമുണ്ടാക്കാൻ കഴിഞ്ഞതായി രേഖകള്‍ വ്യക്തമാക്കുന്നു. 

യുപിഎ കാലത്ത് നടന്ന വിലപേശലിനെ അനുസരിച്ച് വിമാനങ്ങള്‍ വാങ്ങിയിരുന്നെങ്കില്‍ സര്‍ക്കാരിന് കോടികളുടെ അധിക ബാധ്യത വഹിക്കേണ്ട അവസ്ഥ വരുമായിരുന്നെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വിശദമാക്കുന്നു. റഫാല്‍ ടപാടുമായി ബന്ധപ്പെട്ട് വിവാദങ്ങളും ആരോപണങ്ങളും ശക്തമായ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രാലയവും വ്യോമസേനയും കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് രേഖകൾ പുറത്തുവിട്ടത്.