അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളി അഫ്താഫ് ബട്കി പ്രതിയായ നെടുന്പാശേരി കള്ളനോട്ടുകേസില്‍ കോടതി നാളെ വിധിപറയും. അഞ്ച് വർഷം മുന്‍പ് 9.75 ലക്ഷംരൂപയുടെ കള്ളനോട്ടുകള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് വിധി പറയുന്നത്

കൊച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളി അഫ്താഫ് ബട്കി പ്രതിയായ നെടുന്പാശേരി കള്ളനോട്ടുകേസില്‍ കോടതി നാളെ വിധിപറയും. അഞ്ച് വർഷം മുന്‍പ് 9.75 ലക്ഷംരൂപയുടെ കള്ളനോട്ടുകള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് വിധി പറയുന്നത്.

2013 ജനുവരി 26 നാണ് കേസിനാസ്പദമായ സംഭവം. നെടുന്പാശേരി വിമാനത്താവളം വഴി 9.75 ലക്ഷം രൂപ മൂല്യമുള്ള 500 രൂപയുടെ വിദേശനിർമിത കള്ളനോട്ടുകള്‍ കടത്തികൊണ്ടുവന്ന മലപ്പുറം സ്വദേശി അബ്ദുല്‍ സലാമെന്ന പൊടി സലാമിനെ അറസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. 

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ അടുത്ത കൂട്ടാളി അഫ്താഫ് ബട്കിയുടെ പങ്ക് ഇയാളെ ചോദ്യം ചെയ്തതോടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് വൃക്തമായി. നിലവില്‍ കേസില്‍ അഞ്ചാം പ്രതിയാണ് അഫ്താഫ് ബട്കി. ആകെ 32 സാക്ഷികളെ വിസ്തരിച്ച കോടതി 54 രേഖകളും ഏഴ് തൊണ്ടി മുതലുകളും പരിശോധിച്ചു. സാക്ഷി വിസ്താരം തുടങ്ങിയ ജഡ്ജി വിരമിച്ച സാഹചര്യത്തിൽ പുതിയ ജഡ്ജിയാണു വാദം പൂർത്തിയാക്കി വിധി പറയുന്നത്. 

അഫ്താഫ് ബട്കിയെ പിടികൂടാൻ 2007 മുതൽ ഇന്റർപോൾ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇയാളെ ഒഴിവാക്കിയാണു കേസിന്‍റെ വിചാരണ നടന്നത്.