കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗം തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. ചുമട്ടുതൊഴിലാളി നിയമപ്രകാരമുള്ള രജിസ്‌ട്രേഷനും ആനുകൂല്യങ്ങളും ലഭ്യമാക്കാനാണ് നിര്‍ദേശം. 20 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി.

സിയാലിലെ കാര്‍ഗോ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ ചുമട്ടുതൊഴിലാളികളായി കണക്കാക്കാനാകില്ലെന്ന ജില്ലാ ലേബര്‍ ഓഫീസറുടെ ഉത്തരവിനെതിരെയായിരുന്നു നിയമപോരാട്ടം. ഇവരുമായി തൊഴിലാളിബതൊഴിലുടമ ബന്ധം ഇല്ലെന്ന സിയാല്‍ മാനേജ്‌മെന്റിന്റെ നിലപാടായിരുന്നു രജിസ്‌ട്രേഷന്‍ നടപടിയ്ക്ക് തടസം. 

വിമാനത്താവളത്തിന് ഭൂമി വിട്ടുകൊടുത്തവര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി പ്രകാരം ജോലി ലഭിച്ചവരാണ് കാര്‍ഗോ വിഭഗാത്തില്‍ പ്രധാനമായുമുളളത്. സിയാലില്‍ പങ്കാളിത്തമുള്ള സംസ്ഥാന സര്‍ക്കാര്‍, തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്നും ബന്ധപ്പെട്ടവരുടെ വാദം കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചുരുന്നു. ഇതേത്തുടര്‍ന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
.
ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് ഉത്തരവിറക്കിയ സര്‍ക്കാര്‍ ആനൂകൂല്യത്തിന് മുന്‍കൂര്‍ പ്രാബല്യം കൂടി നടപ്പാക്കാന്‍ മുന്‍കൈയെടുക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടു