ഉത്തര്‍‍പ്രദേശിലെ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ സംഘടനാപരമായി അഴിച്ചുപണി വേണ്ടിവരുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഉപാധ്യക്ഷനെതിരെ പാര്‍ട്ടിക്കുള്ളില്‍ അതൃപ്‍തി പുകയുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പ്രസ്‍താവന.

ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലേയും വന്‍ പരാജയവും ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതും കാരണം പാര്‍ട്ടിക്കകത്തത് രാഹുല്‍ഗാന്ധിക്ക് എതിരെ അതൃപ്തി ഉയരുകയാണ്. കോണ്‍ഗ്രസ് എംപിമാര്‍ നിരാശരായാണ് ഇന്ന് പാര്‍ലമെന്റില്‍ എത്തിയത്. സത്യവൃത് ചതുര്‍വേദിയേപ്പോലുള്ളവര്‍ രാഹുലിനെതിരെ പരോക്ഷമായി രംഗത്തെത്തിക്കഴിഞ്ഞു. അതൃപ്തി പകയുന്ന സാഹചര്യത്തിലാണ് ചില മാറ്റങ്ങളുണ്ടാകുമെന്ന സൂചന രാഹുല്‍ നല്‍കിയത്.

പഞ്ചാബിലെയും ഗോവയിലേയും മണിപ്പൂരിലേയും വിജയത്തിന് പിന്നില്‍ അതത് സംസ്ഥാനങ്ങളിലെ പ്രദേശികനേതാക്കളെന്ന വിശദീകരിച്ച രാഹുല്‍ ഉത്തര്‍പ്രദേശിലെ തോല്‍വിയുടെ ഉത്തരവാദിത്തമാര്‍ക്കെന്ന് പറഞ്ഞില്ല. സംഘടനയില്‍ അഴിച്ചുപണി നടത്തുമെന്ന് വിശദീകരിക്കുന്ന രാഹുല്‍ഗാന്ധി ഏങ്ങനെ എവിടെനിന്ന് തുടങ്ങുമെന്നാണ് അറിയേണ്ടത്.