കുറിഞ്ഞി ഉദ്യാനത്തിന്‍റെ വിസ്തൃതി കണക്കാക്കിയില്ല, നടപടികൾ അനന്തമായി നീളുന്നു
മൂന്നാര്: നീലക്കുറിഞ്ഞി പൂക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കണക്കാക്കുന്ന നടപടികൾ അനിശ്ചിതത്വത്തിൽ. ഉദ്യാനത്തിന്റെ അതിർത്തി നിശ്ചയിക്കാൻ പ്രത്യേക ഓഫീസറെ നിയോഗിച്ചെങ്കിലും നിയമന ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയില്ല. കയ്യേറ്റക്കാരെ സഹായിക്കാനാണ് സർക്കാരിന്റെ മെല്ലെപ്പോക്കെന്നാണ് ആക്ഷേപം.
കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി 3,200 ഹെക്ടറായി നിലനിർത്താൻ തീരുമാനിച്ചത് ഏപ്രിൽ അവസാനത്തെ മന്ത്രിസഭാ യോഗം. അതിർത്തി നിശ്ചയിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥനെ പ്രത്യേക ഓഫീസറായി നിയമിച്ച് മെയ് 15ന് ഉത്തരവിറങ്ങി. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും ഈ ഉദ്യോഗസ്ഥൻ ആരെന്നതിൽ തീരുമാനമായില്ല.
ഉദ്യാനത്തിലെ പട്ടയ ഭൂമിയും വനഭൂമിയും വേർതിരിക്കാനുള്ള ഉപഗ്രഹ സർവേ ജൂണിന് മുന്പ് പൂർത്തിയാക്കുമെന്ന വാഗ്ദാനവും കടലാസിലൊതുങ്ങി. ജോയ്സ് ജോർജ് എംപി ഉൾപ്പെടെയുള്ളവർ കയ്യേറിയെന്ന് ആരോപിക്കുന്ന 58ആം ബ്ലോക്കും അളന്ന് തിരിക്കേണ്ടതാണ് നടപടികൾ വൈകിപ്പിക്കുന്നതിന് പിന്നിലെന്നാണ് ആക്ഷേപം.
കൊട്ടക്കന്പൂർ, വട്ടവട വില്ലേജുകളിലെ 58, 62 ബ്ലോക്കുകളിലെ ജനവാസ മേഖലയും കൃഷിഭൂമിയും ഉദ്യാനത്തിൽ നിന്ന് ഒഴിവാക്കാനും പകരം 59, 61 ബ്ലോക്കുകളിലെ ഭൂമി ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനം. വൻകിട കയ്യേറ്റക്കാർ ഈ മേഖലയിലുള്ളതിനാൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥനെ പ്രത്യേക ഓഫീസറായി നിയമിക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.
