രാജമല ഉദ്യാനം സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം എട്ട് ലക്ഷം സന്ദര്‍ശകരെ പ്രതീക്ഷിച്ച് വനം വകുപ്പ്

ഇടുക്കി: നീലക്കുറിഞ്ഞിയെന്ന് കേള്‍ക്കുമ്പോഴേ നീല പുതച്ചുകിടക്കുന്ന മൂന്നാറാണ് എല്ലാവരുടേയും മനസ്സില്‍ ആദ്യമെത്തുക. എന്നാല്‍ ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന രാജമലയിലായിരിക്കും ഏറ്റവുമധികം സന്ദര്‍ശകരെത്തുക എന്നാണ് കണക്കുകൂട്ടല്‍. ഇവിടെ നിന്നുള്ള കാഴ്ച അതിമനോഹരമാണെന്നാണ് കണ്ടവരുടെ സാക്ഷ്യപ്പെടുത്തല്‍. 

ഇക്കുറി നീലക്കുറിഞ്ഞി വസന്തം കാണാന്‍ എട്ട് ലക്ഷത്തോളം പേര്‍ രാജമലയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 80 രൂപ നല്‍കിയാല്‍ മൂന്നാറില്‍ നിന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ രാജമലയിലെത്താം. ഉദ്യാനത്തിലേക്ക് സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കില്ല, തിരക്ക് മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ഈ നടപടി.

നീലക്കുറിഞ്ഞി സീസണാകുമ്പോള്‍ ഉദ്യാനത്തിലെ സന്ദര്‍ശകരുടെ ഫീസ് നിരക്ക് അല്‍പം വര്‍ധിപ്പിക്കും. ഇന്ത്യക്കാര്‍ക്ക് 40ഉം വിദേശികള്‍ക്ക് 320 രൂപയുമായിരിക്കും പ്രവേശന ഫീസ്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡോട് കോം എന്ന സൈറ്റില്‍ കയറി സന്ദര്‍ശകര്‍ക്ക് ഉദ്യാനത്തിലേക്കുള്ള പ്രവേശനം ഉറപ്പാക്കാവുന്നതാണ്.

വ്യാഴവട്ടക്കാലത്തിന്‍റെ കാത്തിരിപ്പിന് ശേഷം നീലക്കുറിഞ്ഞി പൂക്കാന്‍ ഇത്തവണ അല്‍പം വൈകുമെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. ജൂലൈ അവസാനം നീലക്കുറിഞ്ഞി പൂക്കുമെന്നായിരുന്നു ആദ്യമുണ്ടായിരുന്ന കണക്കുകൂട്ടല്‍. എന്നാല്‍ 21 ദിവസമെങ്കിലും തുടര്‍ച്ചയായി വെയില്‍ ലഭിച്ചാല്‍ മാത്രമേ നീലക്കുറുഞ്ഞി വിരിയൂ എന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. അതായത് ഒരു മഴയ്ക്കും അടുത്ത മഴയ്ക്കും ശേഷം 21 ദിവസത്തെ ഇടവേള അനിവാര്യമാണ്. എന്നാല്‍ ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ പൂക്കള്‍ക്ക് വിരിയാനുള്ള സാഹചര്യമുണ്ടാകുന്നില്ല. 

പൂക്കാലമെത്താന്‍ അല്‍പം താമസിക്കുമെങ്കിലും സന്ദര്‍ശകരുടെ തിരക്കില്‍ കുറവുണ്ടാകില്ലെന്ന് തന്നെയാണ് വനം വകുപ്പിന്‍റെ വിലയിരുത്തല്‍.