മഴ തുടരുന്നത് തിരിച്ചടി പൂക്കാലം ഓഗസ്റ്റ് മധ്യത്തോടെ ഇരവികുളത്ത് ഓൺലൈൻ ബുക്കിംഗ് തുടങ്ങി 45 ദിവസം മുന്‍പ് ബുക്കിംഗ് നടത്താം
മൂന്നാര്: മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കാൻ വൈകും. കാലവസ്ഥ വ്യതിയാനം കാരണം ഓഗസ്റ്റ് പകുതിയോടെ മാത്രമേ പൂക്കാലം തുടങ്ങൂവെന്നാണ് വിലയിരുത്തൽ. തിരക്ക് നിയന്ത്രിക്കാൻ ഇരവികുളം ദേശീയ ഉദ്യാനത്തിലേക്കുള്ള ഓൺലൈൻ ബുക്കിംഗ് വനംവകുപ്പ് വീണ്ടും തുടങ്ങി
12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂലൈ അവസാനത്തോടെ മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ തുടർച്ചയായ മഴ പൂക്കാലം വൈകിപ്പിക്കുകയാണ്. 21 ദിവസമെങ്കിലും തുടർച്ചയായി വെയിൽ ലഭിച്ചാലേ നീലക്കുറിഞ്ഞി വിരിയൂ. ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 15ന് ശേഷമേ പൂക്കാലം തുടങ്ങൂവെന്നാണ് വനംവകുപ്പിന്റെ കണക്ക് കൂട്ടൽ. മൂന്നാർ മേഖലയിലെങ്ങും നീലക്കുറിഞ്ഞി വിരിയുമെങ്കിലും ഇരവികുളം ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്ന രാജമലയിൽ നിന്നുള്ള കാഴ്ചയാകും ഏറ്റവും മനോഹരം.
മൂന്നാർ വൈൽഡ് ലൈഫ് ഡോട് കോം എന്ന സൈറ്റിൽ കയറി സന്ദർശകർക്ക് ഉദ്യാനത്തിലേക്കുള്ള പ്രവേശനം ഉറപ്പാക്കാം. ഇന്ത്യക്കാർക്ക് 40ഉം വിദേശികൾക്ക് 320 രൂപയുമാണ് പ്രവേശന ഫീസ്. നീലക്കുറിഞ്ഞി കാണാൻ എട്ട് ലക്ഷം പേർ രാജമലയിൽ എത്തുമെന്നാണ് പ്രതീക്ഷ. തിരക്ക് ഒഴിവാക്കാൻ ഇവിടേയ്ക്ക് സ്വകാര്യ വാഹനങ്ങൾ അനുവദിക്കില്ല.
80 രൂപ നൽകി മൂന്നാറിൽ നിന്നും സർക്കാർ ഏർപ്പെടുത്തുന്ന വാഹനത്തിൽ കയറി വേണം രാജമലയിലെത്താൻ. നീലക്കുറിഞ്ഞി സീസൺ തുടങ്ങിയാൽ ഇരവികുളം ഉദ്യാനത്തിലേക്കുള്ള പ്രവേശന ഫീസീൽ നേരിയ വർദ്ധനവുണ്ടാകുമെന്നും വനംവകുപ്പ് അറിയിച്ചു.
