തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിക്ക് നിര്‍ദേശിക്കുന്ന 2015 ലെ റവന്യൂ ഉത്തരവ് റദ്ദാക്കാന്‍ നീക്കം. കുറിഞ്ഞ ഉദ്യാനം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഉത്തരവില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ ലാന്റ് റവന്യൂ കമ്മിഷണറെ ചുമതലപ്പെടുത്തി. അപ്രായോഗികം ,അവ്യക്തം എന്നീ കാരണങ്ങള്‍ പറഞ്ഞാണ് ഉത്തരവ് റദ്ദാക്കാനുള്ള നീക്കം നടക്കുന്നത്.

കൊട്ടക്കമ്പൂര്‍ വട്ടവട വില്ലേജുകളിലെ കയ്യേറങ്ങളെക്കുറിച്ച് പഠിച്ച നിവേദിത പി. ഹരന്‍ സമിതിയുടെ നിര്‍ദേശങ്ങള്‍ അതേപടി ഉള്‍പ്പെടുത്തിയാണ് 2015 ഫെബ്രുവരി 16ന് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. 15 നിര്‍ദേശങ്ങളായിരുന്നു ഉത്തരവിലുള്ളത്. ഉത്തരവ് മാറ്റാന്‍ മാസങ്ങളായി ശ്രമം നടക്കുകയാണ്.

ഉത്തരവ് അപ്രായോഗികവും അവ്യക്തവുമെന്ന് ചൂണ്ടിക്കാട്ടി മാസങ്ങള്‍ക്ക് മുന്‍പ് ഇടുക്കി കലക്ടര്‍ റവന്യൂ പ്രിന്‍സിപ്പില്‍ സെക്രട്ടറിക്ക് കത്ത് നല്‍കി യിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായി. ഒടുവില്‍ ചേര്‍ന്ന യോഗത്തിലാണ് ഉത്തരവ് മാറ്റത്തിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ലാന്റ് റവന്യൂ കമ്മിഷണറെ ചുമതലപ്പെടുത്തിയത്. നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാണ് ഇടുക്കി സി.പി.എമ്മിന്റെ ആവശ്യം. 

2015 ലെ ഉത്തരവിന്റെ പിന്‍ബലത്തിലാണ് ഇടുക്കി എം.പിയുടെയും കുടുംബത്തിന്റെയും വ്യാജ പട്ടയം ദേവികുളം സബ്കല്ക്ടര്‍ റദ്ദാക്കിയത് . കൊട്ടക്കമ്പൂര്‍, വട്ടവട വില്ലേജുകളില്‍ ഭൂമി കൈവശം വയ്ക്കുന്നവരെ നേരിട്ട് വിളിച്ചു വരുത്തി ഭൂരേഖ പരിശോധിക്കണമെന്നായിരുന്നു ഉത്തരവിലെ ഒരു നിര്‍ദേശം.

മുക്ത്യാര്‍ പ്രകാരമോ നിയമപ്രകാരമോ ചുമതലപ്പെടുത്തിയ പ്രതിനിധികളെ രേഖകള്‍ ഹാജരാക്കാന്‍ അനുവദിക്കരുത്. മുക്ത്യാറുകള്‍ നിരോധിക്കണമെന്നും ഉത്തരവ് നിര്‍ദേശിച്ചു. എന്നാല്‍ അഭിഭാഷകന്‍ മുഖേന രേഖ ഹാജരാക്കുന്നത് നിയമപ്രകാരം തടയാനാവില്ലെന്നാണ് കലക്ടറുടെ എതിര്‍വാദം. ഗ്രാന്‍ഡിസ് തോട്ടങ്ങള്‍ ഏറ്റെടുക്കണമെന്ന ഉത്തരവിലെ നിര്‍ദേശം അവ്യക്തമെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി.