അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ സീറ്റിലേക്കും നീറ്റ് റാങ്ക് പട്ടികയില്‍ നിന്നാണ് പ്രവേശനം. ഇതുവരെ സ്വീകരിച്ച പ്രവേശന നടപടികള്‍ അടിമുറി മാറുന്ന പശ്ചാത്തലത്തിലാണ്, നയതീരുമാനം കൈക്കൊള്ളാന്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചത്.
മുഴുവന്‍ സീറ്റിലും നീറ്റ് പട്ടികയില്‍ നിന്ന് മാത്രം പ്രവേശനം നടത്തണമെന്നും ഏകീകൃത ഫീസ് ഈടാക്കണമെന്നുമാണ് സുപ്രീംകോടതി വിധി. അതുകൊണ്ട്, മുന്‍ വര്‍ഷങ്ങളിലെ പോലെ വിവിധ തരം ഫീസ് ഈടാക്കാനാകില്ല. ഏകീകൃത ഫീസിന്റെ കാര്യത്തില്‍ മാനേജ്‌മെന്റുകളുമായി ചര്‍ച്ചചെയ്ത്, സമഗ്ര നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏകീകൃത ഫീസ് ഏര്‍പ്പെടുത്തുമ്പോള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അവസരം കിട്ടുന്ന വിധത്തില്‍ സര്‍ക്കാര്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും വിവിധ കക്ഷികള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്, ലീഗ് പ്രതിനിധികള്‍ ഇന്ന് യോഗത്തിന് എത്തിയില്ല.
സര്‍വ്വകക്ഷി യോഗത്തെ കുറിച്ച് യാതൊരു അറിയിപ്പും കിട്ടിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരമൊരു അപമാനം മുമ്പ് നേരിടേണ്ടി വന്നിട്ടില്ലെന്നും ഇനിയൊരു സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
