ദില്ലി: സ്വന്തമായി പ്രവേശന നിയമമുള്ള സംസ്ഥാനങ്ങള്‍ക്കു നീറ്റ് പരീക്ഷയില്‍ ഇളവ് നല്‍കാനാകുമോ എന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്വകാര്യ മാനേജ്‌മെന്റുകളുടെയും കല്‍പിത സര്‍വകലാശാലകളുടെയും പരീക്ഷകള്‍ക്ക് ഒരു കാരണവശാലും അംഗീകാരം നല്‍കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്വന്തമായി സ്വാശ്രയ നിയമം നിലവിലില്ലാത്തതിനാല്‍ കേരളത്തിനു പരീക്ഷയില്‍ ഇളവ് ലഭിച്ചേക്കില്ല.
മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലേക്കുള്ള ദേശീയ തലത്തിലുള്ള ഏകീകൃത പരീക്ഷയായ നീറ്റില്‍ നിന്ന് ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. സ്വന്തമായി പ്രവേശനപരീക്ഷയില്ലെന്നും പകരം പ്ലസ്‌ടു തത്തുല്യ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലാണു മെഡിക്കല്‍ പ്രവേശനം നടത്തുന്നതെന്നും, പെട്ടെന്ന് ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷ നടത്തിയാല്‍ വിദ്യാര്‍ഥികള്‍ പിന്തള്ളപ്പെടുമെന്നും തമിഴ്‌നാട് കോടതിയില്‍ വാദിച്ചു.
പ്രവേശനത്തിനു സ്വന്തമായി നിയമമുള്ള ആന്ധ്ര, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളും പരീക്ഷയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് സ്വന്തമായി പ്രവേശനനിയമമുള്ള സംസ്ഥാനങ്ങള്‍ക്ക് മാത്രം ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിയ്ക്കാനാകുമോ എന്ന് ജസ്റ്റിസ് അനില്‍ ആര്‍. ദവെ അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്.
ഈ വര്‍ഷം നീറ്റ് പരീക്ഷ നടത്തരുതെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ച കേന്ദ്രസര്‍ക്കാര്‍ ഇന്നു നിലപാട് മാറ്റി. ഈ വര്‍ഷത്തേക്ക് ഇളവ് അനുവദിക്കണമെന്നാണ് എജി നേരത്തേ കോടതിയില്‍ വാദിച്ചത്. എന്നാല്‍ മെയ് ഒന്നിനു നടന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കി എഴുതാതിരുന്നവര്‍ക്ക് നീറ്റിന്റെ രണ്ടാംഘട്ടപരീക്ഷയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചു.
പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുന്ന കാര്യം പരിഗണിയ്ക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. സ്വന്തമായി സ്വാശ്രയനിയമമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാളെ സുപ്രീംകോടതിയില്‍ നിലപാടറിയിക്കും. സ്വന്തമായി പ്രവേശനനിയമം നിലവിലില്ലാത്തതിനാല്‍ കേരളത്തിന് പരീക്ഷയില്‍ ഇളവ് ലഭിച്ചേയ്ക്കില്ല. കേസില്‍ സുപ്രീംകോടതിയില്‍ നാളെ വാദം തുടരും.
