ഒന്നേ കാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതി ഹാള്‍ വിട്ടതിന് പിന്നാലെയാണ് സുപ്രീം കോടതി ഉത്തരവ് വന്നത്. മാസങ്ങളോളം പഠിച്ച് പരീക്ഷ എഴുതിയവര്‍ വീണ്ടും പരീക്ഷ എഴുതേണ്ട സ്ഥിതിയാണ്. അതേ സമയം സംസ്ഥാന പ്രവേശനപരീക്ഷയുടെ ഫലം പ്രഖ്യാപിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. ഏകീകൃതപരീക്ഷ എംബിബിഎസ്-ബിഡിഎസ് പ്രവേശനത്തിന് മാത്രമാണ്. ആയൂര്‍വ്വേദ, ഹോമിയോ, സിദ്ധ, അഗ്രികള്‍ച്ചര്‍, വെറ്റിനറി പ്രവേശനവും സംസ്ഥാനത്ത് നടക്കുന്നത് മെഡിക്കല്‍ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായത് കൊണ്ടാണ് ഫലം പ്രഖ്യാപിക്കുന്നത്.

സംസ്ഥാന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയവര്‍ എംബിബിഎസിന് അവസരം നിഷേധിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനിടയുണ്ട്. സംസ്ഥാന സര്‍ക്കാറുകളും അപ്പീലിന് പോകാന്‍ സാധ്യതയുണ്ട്. അപ്പീല്‍ നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വിഎസ് ശിവകുമാര്‍ ഇന്നതെത്തന്നെ വ്യക്തമാക്കി. കൃസ്ത്യന്‍മാനേജ്മെന്റുകളും എംഇഎസും കോടതി വിധിയെ സ്വാഗതം ചെയ്തു. സ്വന്തം നിലക്ക് പരീക്ഷ നടത്തി പ്രവേശനം നടത്തുന്ന മാനേജ്മെന്റുകള്‍ക്കും എല്ലാം ഒറ്റക്ക് തീരുമാനിക്കുന്ന കല്പിത സര്‍വ്വകലാശാലകള്‍ക്കും വിധി തിരിച്ചടിയാണ്. തലവരി വാങ്ങിയാല്‍ പോലും നീറ്റില്‍ യോഗ്യത നേടിയാല്‍ മാത്രമേ ഇനി മെഡിക്കല്‍ പ്രവേശനം സാധ്യമാകൂ.