തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കിടെ ഏകീകൃത മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് പരീക്ഷയുടെ ആദ്യഘട്ടം പൂര്‍ത്തിയായി.കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിലായി നൂറോളം കേന്ദ്രങ്ങളില്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥകള്‍ പരീക്ഷയെഴുതി.കേരള പ്രവേശന പരീക്ഷയ്‌ക്ക് തയ്യാറെടുത്തവര്‍ക്ക് നീറ്റ് ചോദ്യപ്പേപ്പര്‍ കടുപ്പമേറിയതായി.രണ്ടാം ഘട്ട പരീക്ഷ ജൂലൈ 24ന് നടക്കും. സുപ്രീം കോടതി ഉത്തരവ് കേരള പ്രവേശന പരീക്ഷയുടെ സാധുത തുലാസിലാക്കിയതിന്റെ ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നീറ്റ് പരീക്ഷയ്‌ക്കെത്തിയത്.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയ്‌ക്കായി നേരത്തെ അപേക്ഷിച്ചവര്‍ക്കായാണ് നീറ്റ് ആദ്യഘട്ടം നടന്നത്.രാവിലെ എട്ട് മണിമുതല്‍ തന്നെ കര്‍ശന പരിശോധനയ്‌ക്ക് ശേഷം വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദത്തിലേക്ക് പ്രവേശിപ്പിച്ചു.മതപരമായ വസ്‌ത്രം ധരിച്ചെത്തുന്നവരോട് ഒരു മണിക്കൂര്‍ മുമ്പേ ഹാജരാകാന്‍ നിര്‍ദേശമുണ്ടായിരുന്നു.കൊച്ചിയില്‍ 9.30 കഴിഞ്ഞ് പരീക്ഷയ്‌ക്കെത്തിയവരെ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി.കേരള പ്രവേശന പരീക്ഷയ്‌ക്ക് തയ്യാറെടുത്തവര്‍ക്ക് നീറ്റ് കടുകട്ടിയായി.പഠിക്കാന്‍ വേണ്ടത്ര സമയം ലഭിക്കാതിരുന്നതും വിദ്യാര്‍ത്ഥികളെ കുഴക്കി.
രണ്ട് ഘട്ടങ്ങളിലായി വ്യത്യസ്ത ചോദ്യപ്പേപ്പറുകളില്‍ പരീക്ഷ നടത്തി എങ്ങനെയാണ് ശാസ്‌ത്രീയമായി റാങ്ക പട്ടിക പ്രസിദ്ധീകരിക്കുക എന്ന ചോദ്യം വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്.കേരള പ്രവേശന പരീക്ഷയില്‍ നി്ന്നും ഈ വര്‍ഷവും പ്രവേശനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൊവ്വാഴ്ച അപേക്ഷ നല്‍കും.ഇത് പരിഗണിച്ച് കേരള പ്രവേശന പരീക്ഷയ്‌ക്ക് കോടതി അംഗീകാരം നല്‍കുമെന്ന പ്രതീക്ഷയാണ് വിദ്യാര്‍ത്ഥികള്‍ക്കുളളത്.
