ദില്ലി: ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസില്‍ മുഖ്യപ്രതി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്കില്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. അര്‍ബുദ രോഗ ബാധിതയായ അമ്മയെ കാണാന്‍ പോകാന്‍ അനുമതി നല്‍കണമെന്ന കൃഷ്ണദാസിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല.
ഇതിനായി പ്രത്യേക അപേക്ഷ നല്‍കിയാല്‍ അപ്പോള്‍ അക്കാര്യം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. കൃഷ്ണദാസിന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കേരളത്തില്‍ പ്രവേശിക്കുന്നത് സുപ്രീംകോടതി വിലക്കിയത്.
നെഹ്‌റു ഗ്രൂപ്പിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കോയമ്പത്തൂരില്‍ തന്നെ കൃഷ്ണദാസ് തങ്ങണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. കേസിന്റെ നിലവിലെ സ്ഥിതി അറിയിക്കാന്‍ കുറച്ചുകൂടി സമയം വേണമെന്ന് കോടതിയില്‍ സിബിഐ ഇന്ന് ആവശ്യപ്പെട്ടു. ഇതിന് സിബിഐക്ക് കോടതി നാല് ആഴ്ചത്തെ സാവകാശം നല്‍കി.
