പാമ്പാടി നെഹ്റു കോളേജ് ഫാർമസി വിഭാഗത്തിലെ നാലാം വർഷ വിദ്യാർത്ഥികളായ അതുൽ, നിഖിൽ, ആഷിക്, സുജേഷ് എന്നിവരെ മാനേജ്മെന്റ് ക്ലാസിൽ കയറാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന സമരത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഫാർമസി കോളേജ് ഇന്നലെയാണ് തുറന്നത്. എന്നാൽ സമരത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് മാനേജ്മെൻറ് ഇവരെ മാത്രം ക്ലാസിൽ കയറാൻ അനുവദിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

അടുത്ത തിങ്കളാഴ്ച നടക്കുന്ന പി.ടി.എ യോഗത്തിന് ശേഷം തീരുമാനം അറിയിക്കാമെന്ന നിലപാടാണ് മാനേജ്മെന്റ് ഇവരെ അറിയിച്ചിട്ടുളളതെന്നും വിദ്യാർത്ഥികൾ പറയുന്നു. കഴിഞ്ഞ ദിവസം കോളേജിൽ നടന്ന പി.ടി.എ മീറ്റിംഗിൽ നിന്നും നാലു വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചിരുന്നില്ല. ഈ രക്ഷിതാക്കളോട് നിങ്ങളുടെ മക്കളാണ് സമരത്തിന് നേതൃത്വം നൽകുന്നതെന്നും കോളേജിന്റെ സൽപ്പേര് ഇല്ലാതാക്കുന്ന രീതിയിൽ പെരുമാറിയെന്ന് വിളിച്ചറിയിച്ചതായും സമരക്കാർ പറയുന്നു. മാനേജ്മെന്റ് പ്രതികാര നടപടി അവസാനിപ്പിച്ചില്ലെങ്കിൽ സമരം തുടരുമെന്നാണ് മറ്റ് വിദ്യാർത്ഥികൾ പറയുന്നത്. സമരം ചെയ്യുന്ന വിദ്യാത്ഥികൾക്ക് ഐക്യദാർഡ്യവുമായി എസ്.എഫ്.ഐ പ്രവർത്തകർ കോളേജിലേക്ക് മാർച്ചും നടത്തി. എന്നാൽ ഒരു വിദ്യാർത്ഥിയെയും സസ്പെന്റു ചെയ്തിട്ടില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.