തൃശൂര്‍: തൃശ്ശൂർ പാമ്പാടി നെഹ്രു കോളേജിലെ എൻജിനീയറിംഗ് വിദ്യാർത്ഥി ജിഷ്ണുവിന്റെ മരണത്തില്‍ കോളജ് മാനേജ്മെന്റ് ഉന്നയിച്ച കോപ്പിയടി ആരോപണം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് സാങ്കേതിക സർവകലാശാല പരീക്ഷ കൺട്രോളർ ഡോ. ഷാബു പറഞ്ഞു. കോപ്പിയടിച്ചാൽ പരീക്ഷയുടെ അന്നേദിവസം തന്നെ റിപ്പോർട്ട് ചെയ്യണമെന്നാണ് സർവകലാശാല നിയമം. എന്നാൽ കോളജ് ഇതേക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്നാൽ കഴിഞ്ഞ ദിവസം കോപ്പിയടിച്ച വിദ്യാർഥികളെ കുറിച്ച് കോളജ് റിപ്പോർട്ട് ചെയ്തുവെന്നും അന്വേഷണത്തിനായി പാമ്പാടി കോളജിൽ എത്തിയ ഡോ.ഷാബു പറഞ്ഞു. അതേസമയം, കോളജിനെതിരെ വിദ്യാർഥികൾ ഉന്നയിക്കുന്ന പരാതികൾ അക്കാഡമിക്ക് അഫിലിയേഷൻ പരിശോധിക്കുന്ന സമയം അന്വേഷിക്കുമെന്നും പരീക്ഷ കൺട്രോളർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരമാണ് സാങ്കേതിക സർവകലാശാല രജിസ്ട്രാർ പത്മകുമാറും പരീക്ഷ കൺട്രോളർ എസ് ഷാബുവും പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളളിൽ തെളിവെടുപ്പിന് എത്തിയത്.സംഭവത്തെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സർവകലാശാല രജിസ്ട്രാർ ഉടൻ സമർപ്പിക്കും.
ജിഷ്ണു കോപ്പിയടിച്ചപ്പോൾ അധ്യാപകൻ ശാസിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യ ചെയ്തതെന്നായിരുന്നു കോളജ് അധികൃതരുടെ വിശദീകരണം. കോളജ് മാനേജ്മെന്റ് കെട്ടുകഥയുണ്ടാക്കുകയാണെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇതിനിടെ ജിഷ്ണുവിന്റെ മൂക്കിൽ മുറിവുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. ജിഷ്ണുവിന് മർദനമേറ്റിരുന്നു എന്ന ബന്ധുക്കളുടെ പരാതി നിലനിൽക്കെ ഡോക്ടർമാരുടെ നിരീക്ഷണം പൊലീസ് ഗൗരവമായാണ് കാണുന്നത്. അതേസമയം, വിദ്യാർഫി സംഘടനകളുടെ പ്രതിഷേധം ഇന്നും തുടർന്നു. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃ ഷണദാസിന്റെ വീട്ടിലേക്ക് എ ബി വി പി മാർച്ച് നടത്തി. കെ എസ് യു വും എ ഐ എസ് എഫും സംസ്ഥാനത്തുടനീളം പഠിപ്പ് മടക്കി.

