വെബ് ഡെസ്‌ക്

വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പ്രതികാര നടപടിയുമായി പാമ്പാടി നെഹ്‌റു കോളേജ് അധികൃതര്‍. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളോട് ഉടന്‍ വീട്ടില്‍ പോകണമെന്നാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ പരീക്ഷ ഉള്ള വിദ്യാര്‍ത്ഥിനികളോടാണ് ഹോസ്റ്റല്‍ ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാളത്തെ പരീക്ഷ എഴുതേണ്ടെന്നും, പിന്നീട് സപ്ലിമെന്ററി പരീക്ഷ എഴുതിയാല്‍ മതിയെന്നും അധികൃതര്‍ പറഞ്ഞു. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളോട് ഉടന്‍ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്. രക്ഷിതാക്കളോട് ഉടന്‍ ഹോസ്റ്റലില്‍ വരണമെന്നും, അവരോടൊപ്പം വീട്ടില്‍ പോകാനുമാണ് അധികൃതര്‍ പറഞ്ഞത്. തങ്ങളെ അടിച്ചിറക്കുന്നതുപോലെയായിരുന്നു അധികൃതരുടെ പെരുമാറ്റമെന്ന് ഒരു വിദ്യാര്‍ത്ഥിനി ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയോട് പറഞ്ഞു. എത്ര ദൂരെയുള്ളവരായാലും ഇന്നുതന്നെ ഹോസ്റ്റല്‍ വിട്ടുപോകണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഇതേത്തുടര്‍ന്ന് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ ആശങ്കയിലാണ്. ദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് ഇന്നു മടങ്ങാനാകില്ല. ചിലര്‍ വീട്ടുകാരുമായി ബന്ധപ്പെട്ട് മടങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, എന്തുവന്നാലും ഹോസ്റ്റല്‍ വിട്ടുപോകില്ലെന്ന നിലപാടിലാണ് ചില വിദ്യാര്‍ത്ഥിനികള്‍. ഇതേക്കുറിച്ച് കോളേജ് അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ജിഷ്‌ണുവിന്റെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തിരുന്നു. ഇതിനുള്ള പ്രതികാര നടപടിയായിട്ടാണ്, ഹോസ്റ്റല്‍ ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. 

ഹോസ്റ്റല്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ച് നെഹ്റു കോളേജ് വിദ്യാര്‍ത്ഥിനി സംസാരിക്കുന്നു...