അഞ്ച് വസയുകാരനായ മകന്റെ മുന്നില്‍വെച്ചായിരുന്നു ആക്രമണം

ആലപ്പുഴ: മാവേലിക്കരയില്‍ ദമ്പതികളെ അയല്‍വാസി ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി. അതിര്‍ത്തി തര്‍ക്കമാണ് കൊലപാതക കാരണം. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഒരുമണിക്കൂറിനകം പൊലീസ് പിടികൂടി.

പല്ലാരിമംഗലം ദേവൂഭവനത്തില്‍ ബിജു, ഭാര്യ കല എന്നിവരാണ് മരിച്ചത്. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ആര്‍. സുധീഷാണ് ഇവരെ കൊലപ്പെടുത്തിയത്. ബിജുവും സുധീഷും തമ്മില്‍ സ്ഥലത്തിന്റെ അതിര്‍ത്തിയെച്ചൊല്ലിയുള്ള തര്‍ക്കം പതിവായിരുന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ വീടിന് സമീപത്തിരുന്ന കമ്പിവടി വെച്ച് സുധീഷ് ബിജുവിനെ അടിക്കുകയായിരുന്നു. തടയാനെത്തിയ കലയെയും ഇരുമ്പ് വടികൊണ്ട് ആക്രമിച്ചു. ഇവരുടെ അഞ്ച് വസയുകാരനായ മകന്റെ മുന്നില്‍വെച്ചായിരുന്നു ആക്രമണം. കുട്ടി കരഞ്ഞതോടെ അയല്‍വാസികള്‍ എത്തുകയും സുധീഷ് ഓടിരക്ഷപ്പെടുകയും ചെയ്തു.

കല സംഭവ സ്ഥലത്തും ബിജു ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയും മരിച്ചു. സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ ഒളിച്ചിരിക്കുകയായിരുന്ന സുധീഷിനെ മാവേലിക്കര സി.ഐ. പി. ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.