ജനങ്ങളിലേക്ക് അവശ്യമരുന്ന് ഉൾപ്പടെയുള്ള സഹായങ്ങൾ എത്തിക്കാൻ ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ ഇന്ന് ഹെലികോപ്റ്ററിൽ മെഡിക്കൽ സംഘം നെല്ലിയാമ്പതിയിൽ എത്തും
പാലക്കാട്: ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും നെല്ലിയാമ്പതി ഒറ്റപ്പെട്ട അവസ്ഥയിൽ തുടരുന്നു. ജനങ്ങളിലേക്ക് അവശ്യമരുന്ന് ഉൾപ്പടെയുള്ള സഹായങ്ങൾ എത്തിക്കാൻ ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ ഇന്ന് ഹെലികോപ്റ്ററിൽ മെഡിക്കൽ സംഘം നെല്ലിയാമ്പതിയിൽ എത്തും. ഇടവിട്ട കനത്ത മഴ നെല്ലിയാമ്പതിയുടെ പല മേഖലകളിലും പെയ്യുന്നുണ്ട്. നേരത്തേ മണ്ണിടിഞ്ഞ പ്രദേശങ്ങളില്‍ മണ്ണിളകി വരാനും സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്ന് കൂടുതല്‍ ദ്രുതകര്‍മ്മ സേന നെല്ലിയാമ്പതിയിലേക്ക് പുറപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം പകുതി വഴിയില്‍ യാത്ര ഉപേക്ഷിക്കുകയായിരുന്നു.
ഇന്ന് വീണ്ടും കൂടുതല്‍ സംഘാഗങ്ങള്‍ കാല്‍ നടയായി അവശ്യ വസ്തുക്കള്‍ തലച്ചുമടായി എത്തിക്കാനുള്ള ശ്രമത്തിലാണ്. ഭക്ഷണം മരുന്ന്, അവിടെ പ്രവര്‍ത്തിക്കുന്ന മണ്ണുമാന്തി വാഹനങ്ങള്‍ക്ക് വേണ്ട ഇന്ധനം എന്നിവ എത്തിക്കാനാണ് ശ്രമം. ഒപ്പം കാലാവസ്ഥ അനുകൂലമെങ്കില്‍ നെന്മാറയില്‍നിന്ന് ഹെലികോപ്റ്റര്‍ വഴി, നെല്ലിയാമ്പതിയില്‍ കുടുങ്ങിക്കിടക്കുന്ന അത്യാവശ്യമായി വൈദ്യസഹായം ലഭിക്കേണ്ട രോഗികളെ നെന്മാറയിലെയോ പരിസര പ്രദേശങ്ങളിലെയോ ആശുപത്രികളിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.
നെല്ലിയാമ്പതിയിലേക്കുള്ള ഡോക്ടര്‍ നെന്മാറയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഇതിനാല്‍ ഡിഎംഒയുടെ നിര്‍ദ്ദേശപ്രകാരം മറ്റൊരു ഡോക്ടറെ കാല്‍നടയായി നെല്ലിയാമ്പതിയില്‍ എത്തിച്ചിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ചന്ദ്രമലയിലാണ് തമ്പടിച്ചിരിക്കുന്നത്. ഇനിയും ധാരാളം ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു കിടക്കുന്നുണ്ട്. കനത്ത മഴയില്ലെങ്കിലും നേരം വൈകുംതോറും കോടമഞ്ഞ് ഇറങ്ങാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ എത്രയും പെട്ടന്ന് ആളുകളെ ഇവിടെ എത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
ഇവിടുത്തെ റോഡുകളെല്ലാം തകര്‍ന്നു കിടക്കുകയാണ്. കാല്‍നടയായി തന്നെ സഹായം എത്തിക്കാനാണ് ലക്ഷ്യം. ഇന്നലെയും മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ റോഡ് നിര്‍മ്മാണം നിര്‍ത്തി വച്ചിരിക്കുകയാണ്. എന്നാല്‍ വലിയ അപകടങ്ങള്‍ ഉണ്ടായില്ലെന്നത് ആശ്വാസകരമാണ്. അതേസമയം നെല്ലിയാമ്പതി ഒരു തോട്ടം മേഖലയാണ്. ഇവിടേയ്ക്ക് എത്തിപ്പെടാന്‍ ആയില്ലെങ്കില്‍ തൊഴിലാളികള്‍ പട്ടിണിയാകും. ഫാക്ടറികള്‍ പൂട്ടിയിടേണ്ടി വരും. വരുന്ന മാസം തേയില നുള്ളുന്ന സീസണ്‍ ആണ്. റോഡ് ഗതാഗതം താറുമാറായതിനാല്‍ ഇവരുടെ തൊഴില്‍ അനിശ്ചിതത്വത്തിലാകും. റോഡ് സാധാരണ നിലയില്‍ ആകാന്‍ ആറ് മാസമെങ്കിലും വേണ്ടിവരും. അതിനാല്‍ കാല്‍നടയാത്രയ്ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കടന്നുപോകാനുമുള്ള സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്.
