ഏഴ് പേരടങ്ങുന്ന കുടുംബത്തിലെ എല്ലാവരും ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായി.

തിരുവനന്തപുരം: ഉപജീവനത്തിനായി നേപ്പാളില്‍ നിന്നും കേരളത്തിലേക്ക് വന്നതായിരുന്നു പ്രേമന്‍-ജാനകിയുടെയും ശങ്കര്‍-കലാമതിയുടെയും കുടുംബങ്ങള്‍. എന്നാല്‍ ജീവിതത്തിലൊരിക്കലും സംഭവിക്കാത്ത അത്യാഹിതമാണ് അവരെ പിടികൂടിയത്. ഏഴ് പേരടങ്ങുന്ന കുടുംബത്തിലെ എല്ലാവരും ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായി. കൂട്ടിരിക്കാന്‍ പോലും ആരുമില്ലാത്ത 3 കുരുന്നുകള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തെ രക്ഷിച്ചെടുക്കുകയായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ്.

നേപ്പാളിലെ ഭജന്‍ എന്ന സ്ഥലത്തു നിന്നും പശു ഫാമിലെ ജോലികള്‍ക്കായാണ് ജേഷ്ഠാനുജന്‍മാരായ പ്രേമനും ശങ്കറും അവരുടെ ഭാര്യമാരോടും മക്കള്‍മാരോടുമൊപ്പം മൂന്ന് വര്‍ഷം മുമ്പ് കേരളത്തിലെത്തിയത്. പ്രേമന്‍-ജാനകി ദമ്പതികളുടെ മക്കളാണ് കിരണും (3) ഐശ്വര്യയും (ഒന്നര). ശങ്കര്‍-കലാമതി ദമ്പതികളുടെ മകളാണ് അമൃത(3). പ്രേമന്‍ ഒരു വര്‍ഷമായി തിരുവനന്തപുരം കണിയാപുരത്താണ് ജോലിചെയ്തിരുന്നത്. ശങ്കര്‍ കോഴിക്കോട്ട് നിന്നും 15 ദിവസം മുമ്പാണ് ഇവരോടൊപ്പം താമസമാക്കിയത്. 

ദൗര്‍ഭാഗ്യവശാല്‍ ഇവര്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് ഭക്ഷ്യവിഷബാധയേറ്റു. വയറിളക്കവും കടുത്ത പനിയുമായിരുന്നു ലക്ഷണം. അവശ നിലയിലായ 3 കുരുന്നുകളേയും കൊണ്ട് ഫെബ്രുവരി 20-ാം തീയതി എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് വിഭാഗം അത്യാഹിത വിഭാഗത്തില്‍ ഇവരെത്തി. എന്നാല്‍ കൂടെവന്ന രക്ഷകര്‍ത്താക്കളും ഇതേ അവസ്ഥയിലായതിനാല്‍ പിടിച്ച് നില്‍ക്കാനായില്ല. അവശരായ അവരെ ജീവനക്കാര്‍ ഇടപെട്ട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കി. 

അച്ഛനമ്മമാര്‍ ആശുപത്രിയിലായതോടെ ഒറ്റപ്പെട്ടുപോയ ഈ കുരുന്നുകളെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെട്ട ജീവനക്കാര്‍ ഏറ്റെടുത്ത് സ്വന്തം മക്കളെപ്പോലെ ശുശ്രൂഷിച്ചു. ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണാവസ്ഥയില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ ഉടന്‍ തന്നെ പീഡിയാട്രിക് ഐ.സി.യു.വിലേക്ക് മാറ്റി തീവ്രപരിചരണം നല്‍കി. സംഭവത്തില്‍ എസ്.എ.ടി. സൂപ്രണ്ടുള്‍പ്പെടെയുള്ളവര്‍ ഇടപെടുകയും ഈ കുട്ടികളുടെ പ്രത്യേക പരിചരണത്തിനായി ഒരു നഴ്‌സിനെ നിയമിക്കുകയും ചെയ്തു. 

വയറിളക്കം കാരണം നിരന്തരം ഡയപ്പര്‍ മാറ്റുകയും കുട്ടികള്‍ക്കാവശ്യമായ വസ്ത്രങ്ങളും ഭക്ഷണവും സംഘടിപ്പിക്കുകയും ചെയ്തു. കുട്ടികള്‍ക്കാവശ്യമായ പരിശോധനകളും മരുന്നുകളുമുള്‍പ്പെടെ എല്ലാം സൗജന്യമായി ചെയ്തു കൊടുത്തു. നിരന്തര പരിചരണത്തിനൊടുവില്‍ രോഗം ഭേദമായ കുട്ടികളെ വാര്‍ഡിലേക്ക് മാറ്റുകയും നിരീക്ഷണത്തിന് ശേഷം കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. മറുനാട്ടില്‍ സംഭവിച്ച ആപത്തില്‍ തങ്ങളുടെ കുരുന്നുകള്‍ക്ക് കൈത്താങ്ങായ എസ്.എ.ടി.യിലെ ജീവനക്കാരോട് പകുതി മലയാളത്തില്‍ നന്ദിപറയുമ്പോള്‍ ഈ നേപ്പാളി ദമ്പതികളുടെ കണ്ണ് നിറഞ്ഞു.