ധനുഷ്കോടി ദേശീയ പാതയിൽ റോഡിടിഞ്ഞതിനെ തുടർന്ന് നേര്യമംഗലം അടിമാലി ഭാഗത്ത് ഏർപ്പെടുത്തിയിരുന്ന ഗതാഗത നിരോധനം നീക്കി. നാട്ടുകാരുടെ ആവശ്യത്തിനൊപ്പം നീലക്കുറിഞ്ഞി കാണാനെത്തുന്ന വിനോദ സഞ്ചാരികളെയും പരിഗണിച്ചാണ് അധികൃതർ ചെറുവണ്ടികൾക്കും ബസുകൾക്കുമായ് ഗതാഗതം പുനസ്ഥാപിച്ചത്.
കൊച്ചി: ധനുഷ്കോടി ദേശീയ പാതയിൽ റോഡിടിഞ്ഞതിനെ തുടർന്ന് നേര്യമംഗലം അടിമാലി ഭാഗത്ത് ഏർപ്പെടുത്തിയിരുന്ന ഗതാഗത നിരോധനം നീക്കി. നാട്ടുകാരുടെ ആവശ്യത്തിനൊപ്പം നീലക്കുറിഞ്ഞി കാണാനെത്തുന്ന വിനോദ സഞ്ചാരികളെയും പരിഗണിച്ചാണ് അധികൃതർ ചെറുവണ്ടികൾക്കും ബസുകൾക്കുമായ് ഗതാഗതം പുനസ്ഥാപിച്ചത്.
ചീയപ്പാറക്കു സമീപം വീതി കുറവുളള ഭാഗത്ത് റോഡിടിഞ്ഞതോടെ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ സമ്പൂർണ്ണ ഗതാഗത നിരോധനമാണ് ആദ്യദിനം തന്നെ ഭാഗികമായി പുനസ്ഥാപിച്ചത്. എല്ലാ വാഹനങ്ങൾക്കുമുളള നിരോധനം വിദ്യാർഥികളടക്കമുളള ഈ മേഖലയിലെ നാട്ടുകാരെ മുഴുവൻ ഏറെ ദുരിതത്തിലാക്കിയിരുന്നു. പ്രളയം കഴിഞ്ഞ് പതിയെ തിരിച്ചുവന്നു തുടങ്ങിയ വിനോദ സഞ്ചാര മേഖലയ്ക്കും സമ്പൂർണ്ണ ഗതാഗത നിരോധനം ക്ഷീണമുണ്ടാക്കുന്നതായാണ് നാട്ടുകാരുടെ പരാതി.
അപകടങ്ങളൊഴിവാക്കാനും സംരക്ഷണ ഭിത്തി കെട്ടൽ വീതികൂട്ടൽ ജോലികൾ വേഗത്തിലാക്കാനും കൂടിയായിരുന്നു അധികൃതർ ഗതാഗതം പൂർണമായി തടഞ്ഞത്. ജില്ലാ പോലീസ് സൂപ്രണ്ടും ദേശീയപാതാ ഉന്നത ഉദ്യഗസ്ഥരും സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് ചെറുവണ്ടികളും ബസുകളും ഓടിക്കാൻ തീരുമാനമെടുത്തത്. ഭാരവണ്ടികളും, ടാങ്കറുകളുമൊക്കെ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ പനംകൂട്ടി കല്ലാർകുട്ടി വഴി വേണം അടിമാലിയിലെത്താൻ.
