മോദി പറഞ്ഞിട്ടും നാക്കടക്കാതെ ബിജെപി എംഎല്‍എ സ്വര്‍ണം കടത്താന്‍ ഉപദേശം 

ജോധ്പൂര്‍: അമിത് ഷായും നരേന്ദ്ര മോദിയുമൊക്കെ എന്തൊക്കെ പറഞ്ഞാലും നാക്ക് അടക്കാന്‍ തങ്ങള്‍ക്ക് പറ്റില്ലെന്ന് വീണ്ടും തെളിയിക്കാന്‍ മത്സരിക്കുകയാണ് ബിജെപി നേതാക്കള്‍. ഹനുമാനാണ് ആദ്യത്തെ ആദിവാസി നേതാവെന്ന് പറഞ്ഞ രാജസ്ഥാനിലെ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രസ്താവനയുമായി എത്തിയിരിക്കുന്നത് മറ്റൊരു എംഎല്‍എയായ അര്‍ജുന്‍ ലാല്‍ ഗാര്‍ഗാണ്.

രാജസ്ഥാനിലെ ബിലാര മണ്ഡലത്തിലെ എംഎല്‍എയാണ് അര്‍ജുന്‍. മയക്കുമരുന്ന് വില്‍ക്കരുത്, അത് ജാമ്യമില്ലാ കുറ്റമാണ്. അതിന് പകരം നിങ്ങള്‍ സ്വര്‍ണം കടത്തൂ. അതാകുമ്പോള്‍ എളുപ്പത്തില്‍ ജാമ്യം കിട്ടുമെന്നാണ് എംഎല്‍എയുടെ കണ്ടുപിടിത്തം. രാജസ്ഥാനിലെ ദേവാസി സമൂഹത്തോടായിരുന്നു അര്‍ജുന്‍ ലാല്‍ ഗാര്‍ഗിന്‍റെ ഉപദേശം.

എംഎല്‍എ സംസാരിക്കുന്നതിന്‍റെ വീഡിയോ ഇതിനകം വെെറലായി കഴിഞ്ഞു. ജോധ്പൂര്‍ ജയിലില്‍ മയക്കുമരുന്ന് കേസുകളില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. പുതുതലമുറയെ മയക്കുമരുന്നില്‍ നിന്ന് അകറ്റി നിര്‍ത്താനാകണം. ദേവാസി സമൂഹത്തില്‍ നിന്ന് മയക്കുമരുന്ന് വില്‍പന കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

നിങ്ങള്‍ക്ക് അനധികൃത കച്ചവടം നടത്തണമെന്നുണ്ടെങ്കില്‍ സ്വര്‍ണക്കടത്ത് നടത്താം. രണ്ടില്‍ നിന്നും ലഭിക്കുന്ന പണം ഒരു പോലെയാണ്. സ്വര്‍ണക്കടത്ത് സുരക്ഷിതമാണെന്നും എംഎല്‍എ പറയുന്നു. മയക്കുമരുന്ന് കടത്തിനു പിടിച്ചാലാണോ സ്വര്‍ണക്കടത്തിന് പിടിച്ചാലാണോ അഭിമാനമെന്ന് നിങ്ങളുടെ സമൂഹം ചിന്തിക്കണമെന്നും തന്‍റെ വാദം ഉറപ്പിക്കുന്നതിനായി അര്‍ജുന്‍ ലാല്‍ പറഞ്ഞു. ബിയാറയിലുള്ള ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ മതനേതാക്കള്‍ അടക്കമുള്ളപ്പോഴായിരുന്നു അര്‍ജുന്‍ ലാലിന്‍റെ ഉപദേശങ്ങള്‍.