ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ ആശുപത്രികള്‍ സ്വീകരിക്കണം എന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെ ചികിത്സ നിഷേധിക്കപ്പെട്ട് മുംബൈയില്‍ നവജാത ശിശു മരിച്ചു. അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ നല്‍കിയത് സ്വീകരിക്കില്ലെന്നു പറഞ്ഞ് ഗോവണ്ടിയിലെ ജീവന്‍ ജ്യോതി ആശുപത്രിയാണ് കുഞ്ഞിന് ചികിത്സ നിഷേധിച്ചത്. ചികിത്സ വൈകിയതോടെ ജഗദീഷ് ശര്‍മ്മ എന്നയാളുടെ ആണ്‍ കുഞ്ഞ് മരിച്ചു. ജഗദീഷ് ശര്‍മ്മ പരാതിയുമായി ശിവജി നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ സമീപിച്ചെങ്കിലും പൊലീസ് എഫ്‌ ഐ ആര്‍ രേഖപ്പെടുത്തിയില്ല. ഒരു പരാതി എഴുതിരൂ, തങ്ങളത് മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സിലിന് കൈമാറാം എന്നാണ് പൊലീസ് പറഞ്ഞതെന്ന് ജഗദീഷ് ശര്‍മ്മ ആരോപിച്ചു. മുംബൈയിലെ പല ആശുപത്രികളും അഞ്ഞൂറ്, ആയിരം നോട്ടുകള്‍ സ്വീകരിക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്.