ഇടുക്കിയിലെ കട്ടപ്പനക്കു സമീപം മുരിക്കാട്ടുകുടിയിൽ എട്ടു ദിവസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കൊലപാതകമെന്ന് സംശയം ഉയർന്നതിനെ തുടർന്ന് അമ്മയെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ഇവർക്ക് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു.
കാഞ്ചിയാർ മുരിക്കാട്ടുകുടി സ്വദേശികളായ ബിനുവിൻറെയും സന്ധ്യയുടെയും എട്ടു ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. ഇന്നലെ രാവിലെ അവശ നിലയിലായ കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തുന്പോൾ കുഞ്ഞ് മരിച്ചിരുന്നു. വിശദമായി പരിശോധനയിൽ കുഞ്ഞിൻറെ കഴുത്തിനു മുൻ ഭാഗത്ത് ചരടു കൊണ്ടു മുറുക്കിയതു പോലുള്ള പാടുണ്ടായിരുന്നു.
ഒപ്പം കഴുത്തിൽ ചെറിയ മുറിവിൽ രക്തക്കറയും കണ്ടു. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചു. അമ്മയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവ സമയത്ത് സന്ധ്യയും ഇവരുടെ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനെ കുളിപ്പിച്ച് കിടത്തിയ ശേഷം സന്ധ്യയുടെ അമ്മ പുറത്തേക്കിറങ്ങി. അൽപ്പ സമയം കഴിഞ്ഞപ്പോൾ വീട്ടിനുള്ളിൽ നിന്നും സന്ധ്യയുടെ കരച്ചിൽ കേട്ട നോക്കിയപ്പോഴാണ് കട്ടിലിൽ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.
പ്രസവത്തെ തുടർന്ന് ചുരുക്കം ചില സ്ത്രീകൾക്കുണ്ടാകുന്ന മാനസിക വിഭ്രാന്തിയിലാണ് സന്ധ്യയെന്നാണ് ഇവരെ പരിശോധിച്ച ഡോക്ടർമാർ പൊലീസിനോടു പറഞ്ഞത്. പൊലീസ് പലതവണ ചോദ്യം ചെയ്തെങ്കിലും സന്ധ്യ ഇതുവരെ കുറ്റം സമ്മിതിച്ചിട്ടില്ല. അയൽപക്കക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം ചോദ്യം ചെയ്യൽ തുടരുകയാണ്. കുഞ്ഞിൻറെ മൃതദേഹം പോസ്റ്രുമോർട്ടത്തിനു ശേഷം സംസ്ക്കരിച്ചു.
