ആവശ്യവുമായി മഹേഷിന്‍റെ കുടുംബം കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ പൊലീസ് വ്യക്തമായ തെളിവ് കിട്ടിയ ശേഷം മാത്രം അറസ്റ്റ്

കൊല്ലം: പുത്തൂരില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്പിളിയുടെ അമ്മയുടെ പങ്ക് അന്വേഷിക്കണമെന്ന് ഭര്‍ത്താവ് മഹേഷിന്‍റെ കുടുംബം. അമ്പിളിയെയും മഹേഷിനെയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ അറസ്റ്റുണ്ടാകൂ എന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന 

നവജതാശിശുവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടത് ഒറ്റക്കാണെന്നാണ് അമ്പിളിയുടെ മൊഴിയെങ്കിലും മറ്റാരുടെയോ സഹായം അമ്പിളിക്കുണ്ടായിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. ഇന്നലെ അമ്പിളിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ പങ്ക് വ്യക്തമാക്കുന്നെ തെളിവില്ലാത്തതിനാല്‍ വൈകിട്ടോടെ വിട്ടയക്കുകയായിരുന്നു. 

നാളെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനിടെയാണ് അമ്പിളിയുടെ അമ്മക്കെതിരെ ആരോപണവുമായി അമ്പിളിയുടെ ഭര്‍തൃവീട്ടുകാര്‍ രംഗത്തെത്തിയത്. അബോര്‍ഷനായെന്നാണ് അമ്പിളി പറഞ്ഞിരുന്നതെന്നും മഹേഷിന്‍റെ അമ്മ പറ‍ഞ്ഞു. അമ്പിളി ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്ന് നാട്ടുകാരും വിശ്വസിക്കുന്നില്ല.

എന്നാല്‍ റിമാന്‍ഡിലുള്ള അമ്പിളിക്ക് രക്തസ്രാവമുള്ളതിനാല്‍ ഉടനെ കസ്റ്റഡിയില്‍ വാങ്ങേണ്ടെന്നാണ് അന്വേഷണംസഘത്തിന്‍റെ തീരുമാനം. ഗര്‍ഭം അലസിയെന്നും ജീവനില്ലാതെ പുറത്തുവന്ന കുഞ്ഞിനെ കുഴിച്ചിട്ടെന്നുമാണ് കൊലപാതകശേഷം ഭര്‍ത്താവ് മഹേഷിനോട് പറഞ്ഞതെന്നുമാണ് അമ്പിളിയുടെ മൊഴി. വിവരം മറച്ചുവച്ചതിന് ഇന്നലെ മഹേഷിനെയും അറസ്റ്റ് ചെയ്തിരുന്നു. ഗര്‍ഭച്ഛിദ്രം നടത്താന്‍ നേരത്തെ മരുന്നുവാങ്ങിക്കൊടുത്ത മഹേഷിന് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നത് പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.