കൊച്ചി: വിവരാവകാശ നിയമത്തിലെ ചട്ടങ്ങളുടെ പരിഷ്‌കരണത്തില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് ആശങ്ക. വിവരാവകാശ അപേക്ഷ സമര്‍പ്പിച്ച വ്യക്തി മരിച്ചാല്‍ കമ്മീഷന്‍ മറുപടി നല്‍കേണ്ടന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചട്ടം പരിഷ്‌കരിക്കുന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. കരട് ചട്ടങ്ങളില്‍ വിയോജിപ്പുള്ളവര്‍ ഏപ്രില്‍ 15ന് മുന്പ് അഭിപ്രായം സര്‍ക്കാരിനെ അറിയിക്കണം.

വിവരാവകാശ നിയമം നടപ്പാക്കിയ 17 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 60ലേറെ വിവരാവകാശ പ്രവര്‍ത്തകര്‍. സ്ഥാപിത താത്പര്യക്കാരുടെ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ചതിന് മാഫിയ സംഘങ്ങളുടെ ഇരകളാവുകയായിരുന്നു ഇവര്‍. കേരളത്തിലും വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ പലതവണ ആക്രമണങ്ങളുണ്ടായി. 

ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് വിവരാവകാശം തേടിയ വ്യക്തി മരിച്ചാല്‍ കമ്മീഷന്‍ ചോദ്യത്തിന് മറുപടി നല്‍കേണ്ടന്ന വിധത്തില്‍ ചട്ടം പരിഷ്‌കരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ വിവരാവകാശ നിയമത്തിലെ ചട്ടങ്ങള്‍ പുതുക്കുന്നത്. സുതാര്യതയും വിവരങ്ങള്‍ പെട്ടന്ന് ലഭ്യമാക്കുന്നതും ലക്ഷ്യമിട്ട് പരിഷ്‌കരണം നടപ്പാക്കുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. 

എന്നാല്‍ പുതിയ ചട്ടങ്ങളുടെ കരടിലും വിവരാവകാശ കമ്മീഷണര്‍ എത്ര ദിവസത്തിനുള്ളി വിവരം ലഭ്യമാക്കണം എന്നതിന് വ്യക്തതയില്ല. മാത്രമല്ല കരട് ചട്ടങ്ങളിലെ വിയോജിപ്പുള്ളവര്‍ രണ്ടാഴ്ചക്കുള്ളില്‍ അഭിപ്രായം ഇമെയിലായി കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയത്തെ അറിയിക്കുകയും വേണം. എല്ലാവര്‍ക്കും പ്രാപ്തമല്ലാത്ത ഇമെയില്‍ മാത്രം അഭിപ്രായം അറിയിക്കാന്‍ തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ടെന്നാണ് വിവരാവകാശ പ്രവര്‍ത്തകരുടെ പക്ഷം.