മുല്ലപ്പെരിയാറിന്‍റെ സ്ഥിതി ഓരോ ദിവസവും വിലയിരുത്തി ഈ സമിതിയായിരിക്കും വേണ്ട നടപടികള്‍ സ്വീകരിക്കുക

ദില്ലി: മുല്ലപ്പെരിയാറിലെ സ്ഥിതി പഠിക്കാന്‍ പുതിയ സമിതിയെ നിയമിക്കാന്‍ തീരുമാനമായി. ഇന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി, പ്രതിരോധ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ജലവിഭവ സെക്രട്ടറി തുടങ്ങിയവര്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജല കമ്മീഷനെ ചെയര്‍മാനാക്കിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാറിന്‍റെ സ്ഥിതി ഓരോ ദിവസവും വിലയിരുത്തി ഈ സമിതിയായിരിക്കും വേണ്ട നടപടികള്‍ സ്വീകരിക്കുക. തമിഴ്നാടിന്‍റെ മാത്രം തീരുമാനത്തിലായിരിക്കില്ല ഇനി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാടെടുക്കുന്നുത്. കേന്ദ്രത്തിന്‍റെ ഇടപെടല്‍ കൂടി ഉണ്ടാകുമെന്നാണ് ഈ തീരുമാനം സൂചിപ്പിക്കുന്നത്. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും എഞ്ചിനിയര്‍മാരും സമിതിയിലുണ്ടാകും. 

മുല്ലപ്പെരിയാറിലെ സ്ഥിതി അറിയിക്കാന്‍ മുല്ലപ്പെരിയാര്‍ സമിതിയോട് ഇന്ന് കേസ് പരിഗണിച്ച സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. നാളെ രാവിലെ റിപ്പോര്‍ട്ട് അറിയിക്കണം. ജലനിരപ്പ് 139 അടിയായി കുറയ്ക്കാന്‍ സാധിക്കുമോ എന്ന് സമിതി പരിശോധിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കേസ് വീണ്ടും പരിഗണിക്കും. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും വാദം കേട്ട ശേഷമായിരിക്കും കോടതി വിധി പ്രഖ്യാപിക്കുക.