തിരുവനന്തപുരം: വനിതാ മതില്‍ സംബന്ധിച്ച് ബിഡിജെഎസില്‍ ഭിന്നത. വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയാണെന്നും പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നുമുള്ള തുഷാർ വെള്ളാപ്പള്ളിയുടെ അഭിപ്രായം വ്യക്തിപരമെന്ന് ബിഡിജെഎസ് വൈസ് പ്രസിഡന്റ്  അക്കീരമൺ കാളിദാസ് ഭട്ടതിരിപ്പാട് പറഞ്ഞു.

തുഷാർ പറഞ്ഞത് എസ്എൻഡിപിയുടെ അഭിപ്രായമാണ്. തുഷാറൊഴികെയുള്ള ബിഡിജെഎസ് ഭാരവാഹികളെല്ലാം അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തു. വനിത മതിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തന്നെയാണെന്നും ബിഡിജെഎസ് യോഗം കൂടാതെയാണ് തുഷാർ അഭിപ്രായം പറഞ്ഞതെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലിനു രാഷ്ട്രീയമില്ലെന്നും പിന്തുണക്കുന്നുവെന്നും തുഷാർ നിലപാട് പ്രഖ്യാപിച്ചിരുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടല്ല ജനുവരി ഒന്നിന് നടക്കുന്ന  വനിതാ മതിലെന്നും തുഷാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പാര്‍ട്ടി വൈസ് പ്രസിഡന്‍റ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.