ദില്ലി: രാജ്യത്ത് എം.പിമാരും എം.എൽ.എമാരും ഉൾപ്പെട്ട കേസുകൾ വേഗത്തിൽ തീര്‍പ്പാക്കാൻ 12 അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിൽ ഒരു അതിവേഗത കോടതിയാകും സ്ഥാപിക്കുക എന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാംങ്മൂലത്തിൽ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
എം.പിമാര്‍ക്കും എം.എൽ.എമാര്‍ക്കുമെതിരെയുള്ള ക്രിമിനൽ കേസുകൾ വേഗത്തിൽ തീര്‍പ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാൻ കഴിഞ്ഞ നവംബര്‍മാസത്തിൽ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നിര‍്ദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് നൽകിയ സത്യവാംങ്മൂലത്തിലാണ് രാജ്യത്ത് 12 അതിവേഗത കോടതികൾ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. എം.പിമാര്‍ക്കും എംഎൽ.എമാര്‍ക്കുമെതിരെ 1581 ക്രമിനൽ കേസുകളാണ് നിലവിലുള്ളത്. ഒരു വര്‍ഷത്തിനകം അതിവേഗ കോടതികൾ സ്ഥാപിച്ച് കേസുകൾ വേഗത്തിൽ തീര്‍പ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കേരളത്തിൽ എം.പിമാര്‍ക്കും എം.എൽഎമാര്‍ക്കുമെതിരെ 87 ക്രിമിനൽ കേസുകളുണ്ട്. കേരളത്തിൽ ഒരു അതിവേഗ കോടതിയാകും സ്ഥാപിക്കുക. അതിവേഗ കോടതികൾ സ്ഥാപിക്കാൻ 7 കോടി 80 ലക്ഷം രൂപയാണ് കേന്ദ്ര ധനമന്ത്രാലയം നീക്കിവെച്ചിരിക്കുന്നത്. ക്രിമിനൽ കേസുകൾ നേരിടുന്ന ജനപ്രതിനിധികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ തലത്തിൽ ഇപ്പോൾ ഇല്ലെന്നും കേന്ദ്ര സര്ക്കാരിന്‍റെ സത്യവാംങ്മൂലത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ജനപ്രതിനിധികൾ നൽകുന്ന സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് നിലവിൽ ഇക്കാര്യം പരിശോധിക്കുന്നത്.
ഇതേപരിമിതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചത്. എം.പിമാരും എം.എൽ.എമാരും ഉൾപ്പെട്ട എത്ര ക്രിമിനൽ കേസുകൾ കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ള തീര്‍പ്പാക്കി എന്ന് അറിയിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
