ഭോപ്പാല്‍: അധ്യാപകര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് 2.5 ലക്ഷം അധ്യാപകര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കിയിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ അധ്യാപകരും വസ്ത്രത്തിനൊപ്പം ജാക്കെറ്റ് ധരിക്കണമെന്നാണ് നിര്‍ദ്ദേശം. ജാക്കെറ്റില്‍ രാഷ്ട്ര നിര്‍മത എന്ന് എഴുതിയിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി തയ്യാറാക്കിയ ജാക്കെറ്റ് ആണ് അധ്യാപകര്‍ ധരിക്കേണ്ടത്. 

അധ്യാപകര്‍ ചെയ്യുന്നത് വലിയൊരു ഉത്തരവാദിത്വമാണെന്ന് അവര്‍ക്ക് ബോധ്യമുണ്ടാകണമെന്നതാണ് ഉത്തരവിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ പറഞ്ഞത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഉത്തരവ് നടപ്പിലാക്കും. അതേസമയം ഉത്തരവിനെ വിമര്‍ശിച്ച് സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് രംഗത്തെത്തി. വിദ്യാഭ്യാസത്തില്‍ ഏറെ പിറകിലുള്ള മധ്യപ്രദേശിന്‍റെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കാന്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയ്ക്ക് കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. 

എഴുതാന്‍ ബ്ലാക്ക് ബോര്‍ഡുകളില്ലെങ്കിലും അവര്‍ ചിലപ്പോള്‍ കുങ്കുമ നിറത്തിലോ ഓറഞ്ച് നിറത്തിലോ നീല നിറത്തിലോ ഉള്ള ജാക്കെറ്റുകളെ കുറിച്ച് സംസാരിക്കുമായിരിക്കും. സര്‍ക്കാറിനെയല്ല, സര്‍ക്കസിനെയാണ് ബിജെപി നയിക്കുന്നതെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. സംസ്ഥാനത്തെ മിക്ക സ്കൂളുകളും ചോര്‍ന്നൊലിക്കുന്നതും അടച്ചുറപ്പില്ലാത്തതും ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്നതുമാണ്. 17000 സര്‍ക്കാര്‍ സ്കൂളുകളില്‍ 50000 അധ്യാപകരുടെ കുറവ് ഇപ്പോഴും സര്‍ക്കാരിന് പരിഹരിക്കാനായിട്ടില്ല. ഏകാധ്യാപക വിദ്യാലയങ്ങളായാണ് ഇവ ഇപ്പോഴും പ്രവര്‍്തതിക്കുന്നത്. മിക്ക സ്കൂളുകളിലും ഇപ്പോഴും വൈദ്യുതി പോലും ലഭിച്ചിട്ടില്ല.