ദില്ലി: സര്‍വ്വകലാശാലകളിലെ പ്രശ്നങ്ങളും ക്യാംപസ് രാഷ്‌ട്രീയം സംബന്ധിച്ചും എല്ലാ പാര്‍ട്ടികളുമായി കൂടിയാലോചിച്ച് തീരുമാനങ്ങള്‍ കൈകൊള്ളുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍. സിലബസുകളില്‍ കാവിവല്‍ക്കരണം എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും വിദ്യാഭ്യാസ പരിഷ്ക്കരണം ബിജെപിയുടെ അജണ്ടയുടെ അടിസ്ഥാനത്തിലല്ല മറിച്ച് ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെ കടന്ന് വന്ന വ്യക്തിയാണ് ഞാന്‍.നാല്‍പ്ത് വര്‍ഷമായി ഈ മേഖലയുമായി ബന്ധമുണ്ട്.ഇക്കാര്യങ്ങള്‍ സംബന്ധിച്ച് എല്ലാവരുമായും ചര്‍ച്ച നടത്തും.
നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന കടമ്പ. വിദ്യാഭ്യാസം ദേശീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാകും പാര്‍ട്ടി അ‍‍‍ജണ്ടയുടെ അടിസ്ഥാനത്തിലാകില്ല.എല്ലാവരുമായും ചര്‍ച്ചചെയ്താകും തീരുമാനങ്ങള്‍ കൈകൊള്ളുക.

സ്മ‍ൃതി ഇറാനിയില്‍ നിന്നും മാനവവിഭവശേഷി മന്ത്രാലയം പ്രകാശ് ജാവദേക്കറിലേക്കെത്തുമ്പോള്‍ സമീപനങ്ങളില്‍ വ്യത്യാസം പ്രകടമാണ്. സര്‍വ്വകലാശാല വിഷയങ്ങളിലടക്കം കര്‍ക്കശ നിലപാടുകളാണ് സ്മൃതി ഇറാനി കൈക്കൊണ്ടതെങ്കില്‍ സമവായത്തിന്റെ വാതിലാണ് പ്രകാശ് ജാവദേക്കര്‍ തുറക്കുന്നത്. ക്യാംപസ്സുകളില്‍ മുഖ്യധാര രാഷ്‌ട്രീയപാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനകളെ നിരോധിക്കണം എന്ന ടി.എസ്ആര്‍ സുബ്രമണ്യന്‍ അദ്ധ്യക്ഷനായ ഉന്നത തല സമിതി ശുപാര്‍ശകള്‍ നിലനില്‍ക്കുമ്പോഴും അത്തരം നടപടികളിലേക്ക് കടക്കില്ല എന്ന സൂചനയാണ് പുതിയമന്ത്രി നല്‍കുന്നത്.

മോദി സര്‍ക്കാര്‍ സിലബസ്സുകളില്‍ കാവിവത്ക്കരണത്തിന് തയ്യാറെടുക്കുന്നു എന്ന ഇടത് കോണ്‍ഗ്രസ് ആരോപണം അടിസ്ഥാന രഹിതമാണ്. വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനാകും ശ്രദ്ധ നല്‍കുകയെന്നും ജാവദേക്കര്‍ പറഞ്ഞു.