വിവാദങ്ങൾക്കിടെ നടന്‍ ദീലീപ് നേതൃത്വം നൽകുന്ന സിനിമാ സംഘടനക്ക് കൊച്ചിയിൽ തുടക്കമായി. സൂപ്പർ താരങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനത്തിൽ വിതരണക്കാരും തിയേറ്റർ ഉടമകളുടെ ദീലിപിന്റെ നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു. കലുഷിതമായ കാലഘട്ടങ്ങളെ താരസംഘടനയായ അമ്മ മറികടുക്കുമെന്ന് മോഹൻലാൽ പറഞ്ഞു.
 
ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്) എന്നാണ് ദിലീപ് പ്രസിഡന്റായ സിനിമാ സംഘടനായുടെ പേര്. നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുമെല്ലാം സംഘടനയില്‍ അംഗങ്ങളാണ്. തർക്കങ്ങൾ പരിഹരിക്കാൻ വിവിധ സംഘടനകൾ വേണ്ടെന്നും ഒരൊറ്റ സംഘടന മതിയെന്നുമുള്ള തീരുമാനത്തിൽ നിന്നാണ് ഇതിന്റെ തുടക്കം. സമീപകാലത്തെ തിയേറ്റർ സമരവും പുതിയ സംഘടനക്ക് വഴിതെളിച്ചു. നടൻ മധുവാണ് സംഘടനയുടെ പ്രവ‍ർത്തനോദ്ഘാടനം നിർവഹിച്ചത്.

എന്നാൽ നടി ആക്രമിക്കപ്പെട്ടതും ദീലീപെതിരെ ഉയർന്ന ആരോപണങ്ങളും തന്നെയാണ് സംഘടനയുടെ രൂപീകരണ യോഗത്തിലും മുഴച്ചുനിന്നത്. കഴിഞ്ഞ കാലങ്ങളിലേതുപോലെ താരസംഘടന, സങ്കീർണമായ സാഹചര്യങ്ങളെ അതിജീവിക്കുമെന്ന് നടന്‍ മോഹൻലാൽ പറഞ്ഞു. നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റർ ഉടമകളുടെയും പ്രതിനിധികളും ദിലീപിന് പിന്തുണയുമായെത്തി.