മലപ്പുറം: നിലമ്പൂര്‍ ചീങ്കണ്ണിപ്പാലിയിലെ വാട്ടര്‍തീം പാര്‍ക്കിനോട് അനുബന്ധിച്ചുള്ള തടയണ നിര്‍മ്മാണത്തില്‍ പി വി അന്‍വര്‍ എംഎല്‍എ യുടെ നിയമലംഘനം സ്ഥിരീകരിച്ച് പുതിയ അന്വേഷണ റിപ്പോര്‍ട്ട്. ചീങ്കണ്ണിപ്പാലിയില്‍ അടുത്തിടെ നടന്ന സംയുക്ത പരിശോധനയിലും നിയമലംഘനം ബോധ്യപ്പെട്ടുവെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒക്ക് നല്‍കിയ നിലമ്പൂര്‍ ഡിഎഫ്ഒയുടെ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 24നാണ് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ചീങ്കണ്ണിപാലിയില്‍ നടന്നത്. തടയണ അനധികൃതമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് വനം, റവന്യൂ, ജിയോളജി തുടങ്ങിയ വകുപ്പുകളെ പരിശോധനക്ക് നിയോഗിച്ചത്. ഇതില്‍ വനം വകുപ്പിന് വേണ്ടി നിലമ്പൂര്‍ ഡിഎഫ്ഒ നടത്തിയ അന്വേഷണത്തിന്‍റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

വനത്തില്‍ നിന്ന് ഉത്ഭവിക്കുന്ന രണ്ട് നീര്‍ച്ചാലുകള്‍ എത്തുന്ന ഭാഗത്ത് മണ്ണ് നീക്കി ഭൂമിയില്‍ മാറ്റം വരുത്തി മണ്‍തടയണ രൂപപ്പെടുത്തിയിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. വനത്തോട് ചേര്‍ന്നുള്ള തടയണ നിര്‍മ്മാണം വന്യജീവികളെയും വനത്തെ തന്നെയും ബാധിക്കാനിടയുണ്ട്, മണ്‍ തടയണക്ക് ക്ഷതം സംഭവിച്ചാല്‍ വെള്ളത്തിന്‍റെ കുത്തൊഴുക്കുണ്ടാകും. ഇത് മണ്ണൊലിപ്പിനും, ഉരുള്‍പൊട്ടലിനും ഇടയാക്കും. പരിസ്ഥിതിയേയും, ആവാസ വ്യവസ്ഥയേയും തടയണ പ്രതികൂലമായി ബാധിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തടയണയോട് ചേര്‍ന്നുള്ള സ്ഥലത്ത് റോപ് വേയും നിര്‍മ്മിച്ചിരിക്കുന്നുവെന്നും ഇത് അടുത്ത കാലത്ത് നടത്തിയ നിര്‍മ്മാണമെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ അനന്തര നടപടികള്‍ ഉടന്‍ ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നിലമ്പൂര്‍ ഡിഎഫ്ഒ അന്വേഷണ റിപ്പോര്‍ട്ട് പെരിന്തല്‍മണ്ണ ആര്‍ഡിഒക്ക് സമര്‍പ്പിച്ചിരിക്കുന്നത്. മറ്റ് വകുപ്പുകളുടെ കൂടി അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചാകും പെരിന്തല്‍മണ്ണ ആര്‍ഡി ഒ അന്തിമ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കുക. എന്നാല്‍ പരിശോധന കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും അന്തിമ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് മുന്നിലെത്തിയിട്ടില്ല. ചീങ്കണ്ണിപ്പാലിയില്‍ എംഎല്‍എ നടത്തിയ നിയമലംഘനങ്ങള്‍ സംബന്ധിച്ച് നേരത്തെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ മലപ്പുറം ജില്ലാ ഭരണ കൂടം പൂഴ്ത്തിയിരുന്നു. പുതിയ അന്വേഷണത്തിലും നിയമലംഘനങ്ങള്‍ വ്യക്തമാകുമ്പോള്‍ ജില്ലാ ഭരണകൂടം പഴയ നിലപാട് തുടരുമോയെന്നാണ് കണ്ടറിയേണ്ടത്.