ദില്ലി: കേരളത്തിന് തിരുവനന്തപുരം കണ്ണൂര്‍ പാതയില്‍ എസി ശതാബ്ദി എക്‌സ്പ്രസ് അനുവദിച്ച് ഇന്ത്യന്‍ റെയില്‍വെ മന്ത്രാലയം. തിരുവനന്തപുരത്തുനിന്ന് രാവിലെ ആറ് മണിയ്ക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തുന്ന വിധമാണ് ട്രെയിനിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് ഒരു മണിക്കൂറിന് ശേഷം യാത്ര തിരിക്കുന്ന ട്രെയിന്‍ രാത്രി പത്തരയോടെ തിരുവനന്തപുരത്തെത്തും. 

ജനുവരി ആദ്യവാരത്തോടെ സര്‍വ്വീസ് ആരംഭിക്കുമെന്നാണ് സൂചന. എന്നാല്‍ തീയതി പ്രഖ്യാപിച്ചിട്ടില്ല. നവംബര്‍ അവസാന വാരത്തോടെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഏതെല്ലാം ദിവസങ്ങളിലായിരിക്കും സര്‍വ്വീസ് ഉണ്ടാകുക എന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

ട്രെയിനിന്റെ എല്ലാ കോച്ചുകളും എസി ചെയര്‍ കാറുകളാണ്. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിവിടിങ്ങളിലാണ് സ്‌റ്റോപ്പ് ഉള്ളത്. നിലവില്‍ തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് എന്നിവ സര്‍വ്വീസ് നടത്തുന്നുണ്ട്.